
പാലക്കാട്: ഇരുപ്പത്തിയഞ്ച് വർഷം മുമ്പ് കാണാതായ മകനെ കാത്തിരിക്കുകയാണ് ആയിഷ ബീവി എന്ന ഒരമ്മ. പാലക്കാട് കോങ്ങാട് ആയിഷ ബീവിയാണ് തൊഴിൽതേടി പോയ മകൻ അബ്ദുൽ നാസറിനെയും കാത്തിരിക്കുന്നത്. മരിക്കും മുമ്പെ മകനെ ഒരു നോക്ക് കാണണമെന്ന് മാത്രമാണ് ഈ അമ്മയുടെ ആഗ്രഹം.
ഒന്നും രണ്ടുമല്ല, 25 വ൪ഷമായി നാളുകളെണ്ണിയുള്ള കാത്തിരിക്കുകയാണ് ആയിഷുമ്മ. ചെറുപ്പം മുതലേ ചെറുജോലികൾ ചെയ്യാൻ പലനാടുകളിൽ മകനായ അബ്ദു പോയിരുന്നു. വരുമാനത്തിൻറെ പങ്കുമായി മാസാവസാനം ഉമ്മയ്ക്കരികിലെത്തും. 1999 ൽ വീട്ടിലെത്തിയതിനു ശേഷം മറ്റൊരിടത്ത് തൊഴിൽതേടിപ്പോയതാണ് അബ്ദുന്നാസ൪. പിന്നീടിങ്ങോട്ടേക്ക് വന്നതേയില്ല. കോഴിക്കോടും വയനാട്ടിലും മലപ്പുറത്തുമെല്ലാം മകനു വേണ്ടി അലഞ്ഞു. പക്ഷേ ആയിഷുമ്മാക്ക് അബ്ദുവിനെ മാത്രം കണ്ടെത്താനായില്ല.
സ്വപ്നത്തിലൊക്കെ കാണാറുണ്ട്, മകൻ വരുന്നത്. വീട്ടിലേക്ക് കയറി വരുന്നതാണ് മിക്ക സ്വപ്നങ്ങളെന്നും ആയിഷുമ്മ പറയുന്നു. പത്രത്തിൽ കണ്ട് കോഴിക്കോട് പോയി. തിരിഞ്ഞു നിൽക്കുന്ന ചിത്രമായിരുന്നു. കണ്ടപ്പോൾ സംശയം തോന്നിയെന്നും ആയിഷുമ്മ പറയുന്നു. ഇന്നും ആയിഷുമ്മയ്ക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. ചെറുതായൊന്ന് മയങ്ങിപ്പോയാൽ പെട്ടെന്ന് ഞെട്ടിയുണരും. പിന്നെ അബ്ദുവിൻറെ വരവും കാത്ത് ഉമ്മറത്തിരിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam