യൂട്യൂബ് വീഡിയോ വഴി അധിക്ഷേപ പരാമർശം, വക്കീൽ നോട്ടീസ്; വീഡിയോ പിൻവലിച്ച് മാപ്പ് പറഞ്ഞ് കെമാൽ പാഷ

Published : May 25, 2025, 09:59 PM ISTUpdated : May 25, 2025, 10:00 PM IST
യൂട്യൂബ് വീഡിയോ വഴി അധിക്ഷേപ പരാമർശം, വക്കീൽ നോട്ടീസ്; വീഡിയോ പിൻവലിച്ച് മാപ്പ് പറഞ്ഞ് കെമാൽ പാഷ

Synopsis

അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുക മാത്രം ചെയ്ത കേസിൽ കെ.എം.എബ്രഹാമിനെ 'കാട്ടുകള്ളൻ', 'അഴിമതി വീരൻ',  'കൈക്കൂലി വീരൻ' തുടങ്ങിയ പരാമർശങ്ങളിലൂടെ അധിക്ഷേപിച്ചതിനെതിരെയാണ് വക്കീൽ നോട്ടീസ് ലഭിച്ചത്.

കൊച്ചി: യൂട്യൂബ് വീഡിയോ വഴി അധിക്ഷേപ പരാമർശം നടത്തിയത് വിവാദമായതിന് പിന്നാലെ വീഡിയോ പിൻവലിച്ച് ക്ഷമാപണം നടത്തി മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷ. സ്വന്തം യൂട്യൂബ് ചാനലിലൂടെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം.എബ്രഹാമിനെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിലാണ് കെമാൽപാഷയ്ക്ക് തിരിച്ചടിയായത്.  'ജസ്റ്റിസ് കെമാൽ പാഷ വോയിസ് ' എന്ന സ്വന്തം യൂട്യൂബ് ചാനൽ വഴി  നടത്തിയ വ്യക്തിപരമായ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ ഡോ.കെ.എം.എബ്രഹാം അയച്ച വക്കീൽനോട്ടീസിനെ തുടർന്ന് (റിട്ട.)ജസ്റ്റിസ് കെമാൽ പാഷ വീഡിയോ പിൻവലിക്കുകയും ഖേദം പ്രകടിപ്പിച്ച് വക്കീൽ നോട്ടീസിന് മറുപടി നൽകുകയും ചെയ്യുകയായിരുന്നു.

വിജിലൻസ് തള്ളിയ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ ഹൈക്കോടതി കെ.എം.എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്നാണ് അധിക്ഷേപപരാമർശങ്ങളടങ്ങിയ വിഡിയോ കെമാൽ പാഷ സ്വന്തം യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തത്. ഏപ്രിൽ 11 , 20 തീയതികളിൽ അപ് ലോഡ് ചെയ്ത രണ്ടുവീഡിയോകളിലായാണ് കെമാൽ പാഷയുടെ വിവാദ പരാമർശങ്ങൾ ഉണ്ടായിരുന്നത്. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുക മാത്രം ചെയ്ത കേസിൽ കെ.എം.എബ്രഹാമിനെ 'കാട്ടുകള്ളൻ', 'അഴിമതി വീരൻ',  'കൈക്കൂലി വീരൻ' തുടങ്ങിയ പരാമർശങ്ങളിലൂടെ അധിക്ഷേപിക്കുകയാണ് ഉന്നതമായ ന്യായാധിപ സ്ഥാനത്തിരുന്ന ജ.കെമാൽ പാഷ ചെയ്തതെന്ന് കെ.എം.എബ്രഹാമിന്റെ വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടി. 

തന്റെ സേവനകാലയളവിൽ  ഉണ്ടാക്കിയ എല്ലാ സൽപ്പേരിനും കളങ്കം ചാർത്തി തന്റെ കുടുംബത്തിലും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമിടയിൽ തന്നെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന തരത്തിലായിരുന്നു കെമാൽപാഷയുടെ പരാമർശങ്ങളെന്നാണ് വക്കീൽ നോട്ടീസിൽ വിശദമാക്കിയത്.  മുൻന്യായാധിപൻ എന്ന നിലയിൽ കെമാൽ പാഷ വീഡിയോ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും മുൻനിര പത്രങ്ങളിലടക്കം മാപ്പപേക്ഷ പ്രസിദ്ധീകരിക്കണമെന്നും കെ.എം.എബ്രഹാം വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.

ഇങ്ങനെ ചെയ്യാത്ത പക്ഷം 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകുമെന്നും മുന്നറിയിപ്പ് നൽകുന്നതായിരുന്നു വക്കീൽനോട്ടീസ്. ഇതേതുടർന്നാണ് ജസ്റ്റിസ് കെമാൽ പാഷ രണ്ട് വിവാദ വീഡിയോകൾ പിൻവലിക്കുകയും പരാമർശങ്ങളിൽ അതിയായ ഖേദം പ്രകടിപ്പിച്ചുകൊണ്ട് കെ.എം.എബ്രഹാമിന്റെ അഭിഭാഷകന് മറുപടി നൽകുകയും ചെയ്തിരിക്കുന്നത്. തനിക്ക് ഡോ.കെ.എം.എബ്രഹാമിനോട് വ്യക്തിപരമായ വൈരാ​ഗ്യമില്ലെന്നും കേട്ടറിവുകളുടെ മാത്രം അടിസ്ഥാനത്തിൽ അദ്ദേഹം അഴിമതിക്കാരനാണെന്ന് കരുതി വീഡിയോ ചെയ്യുകയായിരുന്നുവെന്നും മറുപടിയിൽ കെമാൽപാഷ പറയുന്നു. അതിന്റെ അനന്തരഫലങ്ങൾ‌ തിരിച്ചറിയുന്നതിൽ താൻ പരാജയപ്പെട്ടെന്നും കെമാൽപാഷ മറുപടിയിൽ വിശദമാക്കുന്നു.

കെ.എം.എബ്രഹാമിനെതിരെ ഒരു കണ്ടെത്തലും ഇല്ലാത്തതുകൊണ്ടും കേസ് കോടതിയുടെ പരിഗണനയിലായതുകൊണ്ടും, ഈ വിഷയത്തിൽ താൻ ഒരു അഭിപ്രായവും പറയാൻ പാടില്ലായിരുന്നു. സുപ്രീംകോടതിയുടെ സ്റ്റേ വന്നതിന് ശേഷമായിരുന്നുവെങ്കിൽ താൻ ഇങ്ങനെ ഒരു വിഡിയോ ചെയ്യില്ലായിരുന്നുവെന്നും കെമാൽ പാഷ മറുപടിയിൽ പറയുന്നുണ്ട്. കെ.എം.എബ്രഹാമിന്റെ പരാതിയിൽ പറയുന്ന അധിക്ഷേപ പരാമർശങ്ങൾ താൻ നടത്തിയെന്നത് നിഷേധിക്കുന്ന കെമാൽ പാഷ പക്ഷേ രണ്ടു വീഡിയോകളും നീക്കം ചെയ്തതായും വിശദമാക്കി. വീഡിയോകൾ അപ് ലോഡ് ചെയ്തതിൽ അതിയായ ഖേദം ഉണ്ടെന്നും അത് സ്വീകരിച്ച് തുടർ നിയമനടപടികളിലേക്ക് കടക്കരുതെന്നും കെമാൽപാഷ വക്കീൽ നോട്ടീസിനുള്ള മറുപടിയിൽ വിശദമാക്കിയിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു