
മലപ്പുറം: കരുളായി വനത്തിൽ നിന്ന് വഴി തെറ്റിയ കുട്ടിക്കൊമ്പൻ നാട്ടിലെത്തി. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് കരുളായി വളയംകുണ്ടിലെ ജനവാസ കേന്ദ്രത്തിൽ കുട്ടിക്കൊമ്പനെ കണ്ടത്. വളയംകുണ്ട് ഭാഗത്തെ ജനവാസ കേന്ദ്രത്തിലൂടെ ഓടി നടന്ന ആനക്കുട്ടിയെ നാട്ടുകാർ ചേർന്ന് തടഞ്ഞ് വെച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കരുളായി വനം റെയിഞ്ച് ഓഫീസർ എം എൻ നജ്മൽ അമീനിന്റെ നിർദേശ പ്രകാരം നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ സ്ഥലത്തെത്തി ആനക്കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. വളയംകുണ്ടിലെ വനാതിർത്തിയിൽ ആനകൂട്ടം തമ്പടിച്ചിട്ടുണ്ട്. ഈ കൂട്ടത്തിലേക്ക് ആനക്കുട്ടിയെ കയറ്റി വിടാനുള്ള ശ്രമം വനപാലകർ തുടരുന്നുണ്ട്. കരിമ്പുഴയിലൂടെയോ ചെറുപുഴയിലൂടെയോ ഒഴുകിയതിയതാണോയെന്നും വ്യക്തമല്ല.
അതേസമയം കട്ടപ്പനയിൽ വിൽക്കാൻ ആനക്കൊമ്പുമായി വന്നയാളെ കഴിഞ്ഞ ദിവസം വനവകുപ്പ് പിടികൂടി. സുവർണ്ണഗിരിയിൽ വാടക വീട്ടിൽ താമസിക്കുന്ന ടിപ്പർ ഡ്രൈവർ കണ്ണംകുളം കെ അരുൺ ആണിനെയണ് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയിലെ ഹൈറേഞ്ച് കേന്ദ്രീകരിച്ച് ആനക്കൊമ്പ് കച്ചവടം നടക്കുന്നതായി വനം വകുപ്പ് ഇൻറലിജൻസ് വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇവർ നടത്തിയ അന്വേഷത്തിലാണ് അരുൺ കുടുങ്ങിയത്. രാവിലെ എട്ടു മണിക്ക് വള്ളക്കടവിന് സമീപം കരിമ്പാനിപ്പടിയിൽ വച്ചാണ് ആനക്കൊമ്പുമായി അരുണിനെ വനംവകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തത്.
പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് ആനകൊമ്പ് മറ്റൊരു സംഘത്തിന് കൈമാറാൻ കാറിൽ കാത്ത് നിൽക്കുമ്പോഴാണ് പിടി വീണത്. നെടുങ്കണ്ടം സ്വദേശിയായ ജയ്മോന്‍റെ പക്കൽ നിന്ന് ജിതേഷ് എന്നയാളുടെ സഹായത്തോടെയാണ് ആനക്കൊമ്പ് വാങ്ങിയതെന്നാണ് അരുൺ വനപാലകരോട് പറഞ്ഞത്. അരുണിന്റെ സഹോദരി ഭർത്താവ് ബിബിനുമായി ചേർന്ന് ആറു ലക്ഷം രൂപയ്ക്കാണിത് വാങ്ങിയത്.
ഒളിവിൽ പോയ മൂന്നു പ്രതികൾക്കായുള്ള അന്വേഷണം വനം വകുപ്പ് ആരംഭിച്ചു. എട്ടു കിലോ നാനൂറു ഗ്രാം തൂക്കമുള്ള ആനക്കൊമ്പിന് 124 സെ. നീളവുമുണ്ട്. ആനക്കൊമ്പു കൊണ്ടു വന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ ആനക്കൊമ്പും പ്രതിയെയും കുമളി റേഞ്ചിന് കൈമാറി.