ഒഴുകിയെത്തിയ കുട്ടിയാന ഇനി ഒറ്റയ്ക്കല്ല; അഭയമായി കോട്ടൂർ ആന പരിപാലന കേന്ദ്രം

By Web TeamFirst Published Nov 10, 2019, 3:04 PM IST
Highlights

കോട്ടൂർ ആനക്കൊട്ടിലിൽ പുതിയ അതിഥിയായി ശ്രീക്കുട്ടി. ആര്യങ്കാവ് അമ്പനാട് ടി എം ടി എസ്റ്റേറ്റിൽ ഒഴുകിയെത്തിയ കുട്ടിയാനയെയാണ് ആനക്കൊട്ടിലിലേക്ക് മാറ്റിയത്.

തിരുവനന്തപുരം: കാട്ടിൽ നിന്നും വഴിതെറ്റി നാട്ടിലെത്തിയ കുട്ടിയാനക്ക് ഇനി കോട്ടൂർ ആനക്കൊട്ടിലിന്‍റെ തണൽ. ആര്യങ്കാവ് അമ്പനാട് ടിഎംടി എസ്റ്റേറ്റിൽ ഒഴുകിയെത്തിയ കുട്ടിയാനയെയാണ് ആനക്കൊട്ടിലിലേക്ക് മാറ്റിയത്.

ഒരുമാസം പ്രായമുള്ള ആനക്കുട്ടി ടിഎംടി എസ്റ്റേറ്റിന്‍റെ അരണ്ടൽ  ഭാഗത്താണ് ഒഴുകിയെത്തിയത്. തിരികെ കാട്ടാനക്കൂട്ടത്തോടൊപ്പം അയക്കാൻ ഫോറസ്റ്റ് റേഞ്ച് ഔഫീസര്‍മാരുടെ നേതൃത്വത്തിൽ  നാലു ദിവസം ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് കുട്ടിയാനയെ   തിരുവനന്തപുരം കാപ്പുകാട് ആന പുനരധിവാസ കേന്ദ്രിത്തില്‍ എത്തിക്കാന്‍ തീരുമാനിച്ചത്. ആര്യങ്കാവിൽ നിന്നും എത്തിച്ച ആനക്കുട്ടിയെ ഏറ്റുവാങ്ങി പ്രത്യേക കൂട്ടിലേക്ക് മാറ്റി. പിന്നാലെ ശ്രീക്കുട്ടിയെന്ന് പേരുമിട്ടു. 

ആന പരിപാലനത്തില്‍ മിടുക്കനായ രവീന്ദ്രന്റെ പരിചരണത്തിലായിരിക്കും ഇനി ശ്രീക്കുട്ടി. മൃഗ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ലാക്ടോജന്‍, ഉള്‍പ്പടെ ഭക്ഷണവും ആവശ്യമായ മരുന്നും നല്‍കുന്നുണ്ട്. വെള്ളത്തില്‍ ഒഴുകി പാറകളിലും വശങ്ങളിലും തട്ടി ഉണ്ടായ ചെറിയ പരിക്കുകൾ ഒഴികെ മറ്റ് പ്രശ്നങ്ങളൊന്നും ആനയ്ക്കില്ല. നാലര വയസുളള അർജുൻ മുതൽ ഒരു വയസുളള കണ്ണൻ വരെയുളള അഞ്ച് കുട്ടിയാനകൾക്ക് കൂട്ടായി ഇനി ശ്രീക്കുട്ടിയും.

click me!