ചിങ്കക്കല്ല് പുഴയിൽ കാട്ടാനക്കുട്ടി ഒഴുക്കില്‍പ്പെട്ടു; സാഹസികമായി രക്ഷപ്പെടുത്തി

By Web TeamFirst Published Sep 13, 2020, 8:40 PM IST
Highlights

ആനക്കുട്ടിയെ കയറുകൾ കെട്ടി വലിച്ചും തള്ളിയുമാണ് പുഴയിൽ നിന്ന് രക്ഷപ്പെടുത്തിയത്. കുറേ ദൂരം നടത്തിയ കുട്ടിയാനയെ ഗുഡ്‌സ് ഓട്ടോയിൽ കയറ്റി  വനത്തിൽ വിട്ടു. 

കാളികാവ്: കുത്തിയൊഴുകുന്ന പുഴയിൽ ഒഴുക്കിൽപ്പെട്ട കാട്ടാനക്കുട്ടിയെ നാട്ടുകാരും വനപാലകരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ചിങ്കക്കല്ല് പുഴയിൽ നിന്ന് ആനക്കുട്ടിയെ മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിൽ രക്ഷപ്പെടുത്തിയത്. ചിങ്കക്കല്ല് ആദിവാസി കോളനിക്ക് സമീപത്ത് നിന്ന് പുഴയോരത്ത് കാട്ടാനകളുടെ ബഹളം കേട്ടാണ് കോളനിയിലുള്ളവര്‍  വിവരം അറിയന്നത്.  

ശനിയാഴ്ച രാത്രി പതിനൊന്ന് മണിക്കാണ് സംഭവം. കോളനിക്കാർ വിവരമറിയിച്ചതനുസരിച്ച് നാട്ടുകാർ രക്ഷാ പ്രവർത്തനം തുടങ്ങി. കോളനിയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ താഴെ വള്ളിപ്പൂളയിൽ വെച്ച് പുലർച്ചെ രണ്ട് മണിയോടെയാണ്  ആനക്കുട്ടിയെ രക്ഷപ്പെടുത്താനായത്. 

ഇതിനിടെ വിവരമറിഞ്ഞ് വനപാലകരും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു. ആനക്കുട്ടിയെ കയറുകൾ കെട്ടി വലിച്ചും തള്ളിയുമാണ് പുഴയിൽ നിന്ന് രക്ഷപ്പെടുത്തിയത്. കുറേ ദൂരം നടത്തിയ കുട്ടിയാനയെ ഗുഡ്‌സ് ഓട്ടോയിൽ കയറ്റി  വനത്തിൽ വിട്ടു. ഏറെ സാഹസപ്പെട്ട് വനത്തിലെത്തിച്ച കുട്ടിയാന ഞായറാഴ്ച നേരം വെളുത്തപ്പോഴേക്കും ആനക്കൂട്ടത്തിന്റെ കൂടെ ചേര്‍ന്നെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
 

click me!