
ആലപ്പുഴ: മുഹമ്മ ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കൊച്ചുപറമ്പില്‍ ബാബുവിനെയും കുടുംബത്തെയും ദുരന്തങ്ങള്‍ വിട്ടൊഴിയാറില്ല. ബാബുവിന്‍റെ കുടുംബം അനുഭവിക്കുന്ന ദുഖത്തിന് കടലോളം വലുപ്പമുണ്ട്. കായലില്‍ മത്സ്യബന്ധനത്തിന് പോകുന്ന ബാബുവിന് അത്താണിയായി മാറേണ്ടിയിരുന്ന മകന്‍ ബാലുവാണ് ബാബുവിന്‍റെ ഏറ്റവും വലിയ വേദന.
ജന്മനാ തല സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രോഗബാധിതനായ ബാലു 15 വര്‍ഷം മുമ്പ് വരെ ചെറിയ ജോലികള്‍ ചെയ്തിരുന്നു. എന്നാല്‍ വാഹനാപകടത്തെ തുടര്‍ന്ന് മൂത്രസഞ്ചി പൊട്ടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് ബാലുവിന് ജോലിയ്ക്ക് പോകുവാനോ കുടുംബത്തിന് ആശ്രയമാകുവാനോ സാധിക്കുന്നില്ല.
ബാലുവിന് അസഹ്യമായ തലവേദന ഉണ്ടാകുന്നതിനാല്‍ ഇനിയും സര്‍ജറി ആവശ്യമാണെന്നാണ് വിദഗ്ദ ഡോക്ടര്‍മാര്‍ പറയുന്നത്. ഇതുവരെ ബാലുവിന് എട്ട് സര്‍ജറികള്‍ നടത്തിയിട്ടുമുണ്ട്. ഇനിയും ചികിത്സാ ചെലവിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമാവസ്ഥയിലാണ് ബാബുവും കുടുംബവും.
ബാലുവിനെക്കൂടാതെ ബാബുവിന് 24 വയസുള്ള മകളുമുണ്ട്. ജീവിത പ്രാരാബ്ദത്തിനിടയിലും പഠിക്കുവാന്‍ സമര്‍ഥയായിരുന്ന മകള്‍ മാലുവിനെ ബാബുവും ഭാര്യ ബീനയും ബികോം വരെ പഠിപ്പിച്ചു. ഈ കുടുംബത്തിന്റെ ആകെയുള്ള ആശ്രയം ബാബുവിന്റെ ഭാര്യാ മാതാവായിരുന്ന രത്‌നമ്മയായിരുന്നു. ഇവര്‍ ജില്ലയുടെ പല ഭാഗങ്ങളിലും കക്കയിറച്ചി കൊണ്ടുനടന്ന് വിറ്റ് കിട്ടുന്ന വരുമാനം ബാലുവിന്റെ ചികിത്സയ്ക്കും മറ്റും ഉപയോഗിച്ചിരുന്നു.
എന്നാല്‍ രണ്ടുമാസം മുന്‍പുണ്ടായ വഹാനാപകടത്തില്‍ രത്‌നമ്മയുടെ ഒരു കാല്‍ നഷ്ടമായി. അമ്മയേയും മകനേയും നോക്കേണ്ടി വന്നതിനാല്‍ വല്ലപ്പോഴും കിട്ടിയിരുന്ന തൊഴിലുറപ്പ് പണിയ്ക്ക് പോകാന്‍ ബീനയ്ക്ക് കഴിയാറില്ല. കായലിലെ തൊഴില്‍ അപൂര്‍വ്വമായതിനാല്‍ മകന്റെ ചികിത്സ തുടര്‍ന്നുകൊണ്ട് പോകുവാന്‍ ബാബുവിനും സാധിക്കുന്നില്ല. ഇവര്‍ ബീനയുടെ വീട്ടിലാണ് താമസിച്ചു വരുന്നത്.
രത്‌നമ്മ ബീനയ്ക്കായി നല്‍കിയതാണ് ആ വീട്. എന്നാല്‍ വീടിന്റെ പണിപൂര്‍ത്തീകരിക്കാന്‍ ബാബുവിന് സാധിച്ചിട്ടില്ല. അടച്ചുറപ്പില്ലാത്ത വീട്ടിലാണ് രോഗികളും നിര്‍ധനരുമായ ഈ കുടുംബം വിധിയോട് മല്ലിട്ട് ജീവിക്കുന്നത്. നന്‍മയുള്ളവര്‍ കനിഞ്ഞെങ്കില്‍ മാത്രമേ ഈ കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതം സാധ്യമാകൂ. സഹായങ്ങള്‍ എസ് ബി ഐ മുഹമ്മ ബ്രാഞ്ചിലെ 67231706902 എന്ന അക്കൗണ്ടില്‍ നിക്ഷേപിക്കാം.
IFSC code : SBIN 0070299.
Ph : 7736192257.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam