
കോഴിക്കോട്: ഉദ്ഘാടനത്തിന് ഒരുങ്ങി ബാലുശ്ശേരിയിലെ ഇ കെ നായനാർ ബസ് ടെർമിനൽ. ഉദ്ഘാടനം ജൂൺ 22ന് വൈകിട്ട് 4.30ന് തൊഴിൽ, എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിക്കും. പുരുഷൻ കടലുണ്ടി എംഎൽഎ അധ്യക്ഷത വഹിക്കും.
പുരുഷൻ കടലുണ്ടി എംഎൽഎയുടെ വികസന ഫണ്ടിൽനിന്ന് 3.54 കോടി രൂപയും ഗ്രാമപഞ്ചായത്തിന്റെ 19 ലക്ഷം രൂപയും ചെലവഴിച്ചാണ് ബാലുശ്ശേരി ബസ്റ്റാന്റ് നിർമ്മാണം പൂർത്തിയാക്കിയത്.
ബസ്റ്റാന്റിലേക്ക് പ്രധാന കവാടം വഴിയാണ് ബസുകൾ പ്രവേശിക്കുക. കവാടത്തിൽ നിന്നും 30 മീറ്റർ അകലത്തിലാണ് പുതുതായി നിർമിച്ച ബഹുനില കെട്ടിടം. ഗ്രൗണ്ട് ഫ്ലോറിൽ മുഴുവനായും യാത്രക്കാർക്കുള്ള വിവിധ സൗകര്യങ്ങൾ ഒരുക്കും.
ഭിന്നശേഷിക്കാർക്കുള്ള ടോയിലറ്റ് ഉൾപ്പെടെ ലേഡീസ്, ജെന്റ്സ് ടോയിലറ്റുകൾ, പൊലീസ് എയിഡ് പോസ്റ്റ്, അന്വേഷണ കേന്ദ്രം, ഷീ വെയിറ്റിംഗ് ഏരിയ, ഫീഡിംഗ് റൂം, ഡ്രിങ്കിംഗ് വാട്ടർ ഏരിയ, കോഫിബങ്ക്, വിശാലമായ സീറ്റിംഗ് ഏരിയ, വൈഫൈ, മൊബൈൽ റീചാർജിംഗ് കോർണർ, മ്യൂറൽ പെയിന്റിംഗ് ഏരിയ, ടി.വി കോർണർ, തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ യാത്രക്കാർക്ക് ലഭിക്കും.
ഉദ്ഘാടനത്തിനു ശേഷം ബസ്റ്റാൻറ് കെട്ടിടത്തിലെ മെസല്ലേനിയസ് ഫ്ലോറിൽ, കുടുംബശ്രീയുടെ ഓൺലൈൻ സഹായ കേന്ദ്രം, ടൂറിസം ഹെൽപ് ഡെസ്ക് കോർണർ, ആരോഗ്യ പരിചരണ കേന്ദ്രം, എന്നിവ നിലവിൽ വരും. ഇതോടൊപ്പം വൈകുന്നേരം ആറ് മണി മുതൽ രാവിലെ ആറ് മണി വരെ അടിയന്തര സാഹചര്യത്തിൽ വനിതകൾക്ക് താമസിക്കുന്നതിനായി ഷീ ലോഡ്ജും ഉണ്ടായിരിക്കും.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ബസ്റ്റാന്റ് നിർമ്മാണവും ഡിസൈനിംഗും നിർവ്വഹിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam