കല്‍പ്പറ്റ: കൃഷിയിടത്തില്‍ കാവല്‍ നിന്നില്ലെങ്കില്‍ പന്നിയും ആനയുമൊക്കെ വിള നശിപ്പിക്കും. രാത്രി കാവലിന് പോയാലോ കടുവകളെയും പുലിയെയുമൊക്ക പേടിക്കണം. പാട്ടവയല്‍, തോല്‍പ്പെട്ടി, ഇരുളം, വള്ളുവാടി തുടങ്ങി വനത്തോട് ചേര്‍ന്ന് കിടക്കുന്ന ജനവാസപ്രദേശങ്ങളിലെ കര്‍ഷകരുടെ വാക്കുകളാണിത്. വലിയ കാശ് ചെലവാക്കി വൈദ്യുതി വേലിയോ മറ്റോ നിര്‍മിക്കാന്‍ കഴിവില്ലാത്ത സാധാരണ കര്‍ഷകര്‍ക്ക് ജീവവന്‍ സംരക്ഷിക്കണമെങ്കില്‍ കൃഷി പാടെ ഉപേക്ഷിക്കണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. 

നേരം സന്ധ്യയാകുന്നതിന് മുമ്പേ പന്നിക്കൂട്ടങ്ങള്‍ പാടവും പറമ്പുമൊക്കെ കൈയ്യടക്കി തുടങ്ങും. കൃഷിയിടങ്ങളില്‍ നിന്ന് ഇവ തിരിച്ചു പോകുന്നതാകട്ടെ ആള്‍പെരുമാറ്റം ഉണ്ടെങ്കില്‍ മാത്രമാണ്. ഇരുട്ട് വീണാല്‍ ആനകളും കാടിറങ്ങി തുടങ്ങും. വാഴത്തോട്ടങ്ങളും തെങ്ങുകളുമൊക്കെ നശിപ്പിക്കുന്ന ഇവയും പുലര്‍നേരങ്ങളിലെ തിരിച്ച് കാട് കയറൂ. ഇതിന് പുറമെയാണ് കടുവകളുടെയും മറ്റു വിഹാരങ്ങള്‍. ദിവസങ്ങള്‍ക്ക് മുമ്പ് സുല്‍ത്താന്‍ബത്തേരിക്കടുത്ത മൂലങ്കാവില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സ്ഥാപിച്ച കെണിയില്‍ പുലി കുടുങ്ങിയപ്പോള്‍ പ്രദേശത്ത് ഇത്തരം മൃഗങ്ങളുടെ സാന്നിധ്യമുണ്ടെന്ന് ജനമറിയുന്നത്. 

പന്നിയെ കുടുക്കാന്‍ വെച്ച കെണിയില്‍ പുലി അകപ്പെടുകയായിരുന്നു. ഈ സംഭവത്തിന് ശേഷം മൂലങ്കാവ് പ്രദേശത്തെ രാത്രി ജീവിതം ഭീതിയിലായിരിക്കുകയാണ്. വയനാട് വന്യജീവി സങ്കേതത്തില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചിട്ടുള്ളതായി വനംവകുപ്പ് തന്നെ പറയുന്നു. ജില്ലയിലെ ഭൂവിസ്തൃതിയില്‍ ഏറിയ പങ്കും വനമായതിനാല്‍ കടുവ പോലെയുള്ള മൃഗങ്ങള്‍ എവിടെയുമെത്താമെന്നാണ് ജനം പറയുന്നത്. അതേ സമയം കടുവകള്‍ മനുഷ്യരെ ആക്രമിക്കുമ്പോള്‍ മാത്രമാണ് വാര്‍ത്തയാകുന്നത്. ദിവസങ്ങളുടെ ഇടവേളകളില്‍ മാത്രം നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് ആദിവാസികള്‍ അടക്കമുള്ളവര്‍ക്ക് നഷ്ടമായിട്ടുള്ളത്.