നേന്ത്രക്കായക്ക് വില കുതിക്കുന്നു; വിലക്കയറ്റം ക്ഷാമം മൂലമെന്ന് വ്യാപാരികള്‍

Published : Mar 24, 2022, 10:30 PM IST
നേന്ത്രക്കായക്ക് വില കുതിക്കുന്നു; വിലക്കയറ്റം ക്ഷാമം മൂലമെന്ന് വ്യാപാരികള്‍

Synopsis

വിഷുവിനോട് അനുബന്ധിച്ച് നേന്ത്രക്കായയ്ക്ക് ആവശ്യക്കാരേറും. ഇതോടെ വീണ്ടും വില വര്‍ധിക്കാനാണ് സാധ്യത. 

കല്‍പ്പറ്റ: കഴിഞ്ഞ വര്‍ഷം വിലയില്ലാതെ ആര്‍ക്കും വേണ്ടാതെ കിടന്ന നേന്ത്രക്കായയുടെ വില ഇത്തണ കുതിച്ചുയരുകയാണ്. നീണ്ട ഇടവേളക്ക് ശേഷമാണ് ഏത്തപ്പഴത്തിനും പച്ചക്കായക്കും വില ഉയരുന്നത്. വിലവര്‍ധിക്കുന്നത് വയനാട്ടില്‍ ആശ്വാസം പകരുന്ന കാര്യമാണെങ്കിലും പലരും കൃഷി നിര്‍ത്തിയത് തിരിച്ചടിയായിരിക്കുകയാണ്. നിലവില്‍ 45 രൂപയാണ് നേന്ത്രക്കായയുടെ വിപണിവില. 20 ദിവസത്തിനുള്ളിലാണ് വില കുതിച്ചുയരാന്‍ തുടങ്ങിയത്. ഇതേ സ്ഥിതി തുടര്‍ന്നാല്‍ വില 50 രൂപയ്ക്ക് മുകളിലെത്താന്‍ അധികനാള്‍ കാത്തിരിക്കേണ്ടതില്ലെന്നാണ് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നത്. 

വിഷുവിനോട് അനുബന്ധിച്ച് നേന്ത്രക്കായയ്ക്ക് ആവശ്യക്കാരേറും. ഇതോടെ വീണ്ടും വില വര്‍ധിക്കാനാണ് സാധ്യത. ഉത്പാദനം കുറഞ്ഞതോടെ നേന്ത്രക്കായ വിപണിയിലെത്തിക്കാനുള്ള ഓട്ടത്തിലാണ് മൊത്തവ്യാപാരികള്‍. വില കുതിച്ചുയരുമ്പോഴും ആവശ്യത്തിനുപോലും നേന്ത്രക്കായ കിട്ടാനില്ല എന്നതാണ് അവസ്ഥ. മറ്റുജില്ലകളില്‍നിന്ന് ലോഡ് എത്തിക്കാന്‍ ആവശ്യപ്പെട്ട് ധാരാളം വിളികളാണ് വയനാട്ടിലെ മൊത്ത വ്യാപാരികള്‍ക്ക് എത്തുന്നത്. ജില്ലയില്‍ തന്നെ ചില്ലറവില്‍പ്പനക്ക് നേന്ത്രക്കായ തികയുന്നില്ലെന്ന കാര്യവും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമായും തെക്കന്‍ ജില്ലകളിലേക്കാണ് വയനാട്ടില്‍ നിന്ന് നേന്ത്രക്കുലകള്‍ കയറ്റി അയക്കുന്നത്. വയനാട്ടിലെ കായ തികയാതെ വരുമ്പോള്‍ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുകൂടി വരുത്തിയായിരുന്നു ക്ഷാമം പരിഹരിച്ചിരുന്നത്. എന്നാല്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും ഉത്പാദനം കുറഞ്ഞതോടെയാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണില്‍ വിപണികള്‍ അടച്ചിട്ടതോടെ ജില്ലയിലെ കര്‍ഷകര്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത നഷ്ടമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായത്. അന്ന് കൃഷി വര്‍ധിച്ചതോടെ വിലയിടിഞ്ഞു. 

ഈ അനുഭവത്തെ തുടര്‍ന്ന് കൃഷിയില്‍ നിന്ന് ഭൂരിപക്ഷം കര്‍ഷകരും പിന്‍മാറിയതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. നഷ്ടം ഒഴിവാക്കാന്‍ കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും കര്‍ഷകരും ഇത്തവണ വാഴക്കൃഷിയില്‍നിന്ന് മാറിനിന്നു. വേനല്‍ക്കാലത്ത് നനയ്ക്കാനും മറ്റും നേരിടുന്ന പ്രതിസന്ധികളോര്‍ത്തും ചില കര്‍ഷകര്‍ പിന്‍മാറിയതായി പറയുന്നു. കഴിഞ്ഞ സീസണില്‍ പരമാവധി 15 രൂപ വരെയായിരുന്നു വില കിട്ടിയിരുന്നത്. മുന്‍ സീസണുകളില്‍ നേന്ത്രക്കായയ്ക്ക് വിലയുണ്ടായില്ല എന്നുമാത്രമല്ല വിറ്റുപോകാതെ കെട്ടിക്കിടക്കുന്ന അവസ്ഥയുമായിരുന്നു. ഏതായാലും വില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പേര്‍ വാഴകൃഷിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില
പ്രാര്‍ത്ഥനകള്‍ ബാക്കിയാക്കി സോണ യാത്രയായി; പനിയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 5 ദിവസം മുൻപ്, കോമയിലെത്തി; ചികിത്സയിലിരിക്കേ വേര്‍പാട്