
തിരുവനന്തപുരം: സഹകരണബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തി ശിക്ഷ അനുഭവിക്കാതെ ഒളിവില്‍ കഴിഞ്ഞ ബാങ്ക് സെക്രട്ടറിയും ഹെഡ് ക്ലര്‍ക്കും അറസ്റ്റിൽ. തിരുവനന്തപുരം സര്‍വീസ് സഹകരണ ബാങ്കിന്‍റെ ഹെഡ് ഓഫീസ് ബ്രാഞ്ചിലെ സെക്രട്ടറിയായിരുന്ന പി. ശശികുമാറിനെയും ഹെഡ് ക്ലര്‍ക്കായിരുന്ന സി .ശശിധരന്‍ നായരെയുമാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. 1994 മുതല്‍ 1998 വരെയുള്ള കാലയളവില്‍ ആറ് ഉപഭോക്താക്കളുടെ നിക്ഷേപമാണ് ഇരുവരും തട്ടിയത്. വ്യാജ വായ്പാ അപേക്ഷകളും രേഖകളും നിര്‍മിച്ച് പതിനെട്ട് ലക്ഷം രൂപ കൈവശപ്പെടുത്തിയ കേസില്‍ അഞ്ച് വര്‍ഷം കഠിന തടവും ആയിരം രൂപ പിഴയും 2013ല്‍ വിജിലന്‍സ് കോടതി ശിക്ഷിച്ചിരുന്നു.
തുടര്‍ന്ന് ശശികുമാറും, ശശിധരന്‍ നായരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി, ശിക്ഷ കാലയളവ് ഒരു വര്‍ഷവും ആയിരം രൂപ പിഴയുമാക്കി ഇളവ് വരുത്തി. എന്നാൽ വിജിലന്‍സ് കോടതിയില്‍ കീഴടങ്ങുന്നതിന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഇരുവരും കോടതിയില്‍ കീഴടങ്ങാതെ ഒളിവില്‍ പോകുകയായിരുന്നു. വർഷങ്ങൾക്കിപ്പുറമാണ് ഇരുവരേയും തിരുവനന്തപുരം നെടുങ്കാടുള്ള വീടുകളില്‍ നിന്നും ഇന്നലെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികളെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam