
തിരുവനന്തപുരം: മാരത്തോൺ ഓട്ടത്തിനിടയിൽ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം എച്ച്ഡിഎഫ്സി ബാങ്ക് സീനിയർ മാനേജരും പേരൂർക്കട മണ്ണാമൂല സ്വദേശിയുമായ കെ ആർ ആഷിക് (47) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ശംഖുംമുഖത്ത് നിന്നും ആരംഭിച്ച ഗ്രീൻ മാരത്തൺ എക്സ്പോയിൽ വച്ചായിരുന്നു സംഭവം.
21 കിമി വിഭാഗത്തിലാണ് ആഷിക് ഓടിയത്. ശംഖുമുഖത്ത് നിന്ന് ഓടി വലിയവേളി പള്ളിക്ക് സമീപം എത്തിയപ്പോൾ ആഷിക് കുഴഞ്ഞു വീഴുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. തുടർന്ന് സിപിആർ നൽകിയ ശേഷം നാട്ടുകാരും സംഘാടകരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മാരത്തണുകളിൽ സജീവമായി പങ്കെടുക്കാറുണ്ടായിരുന്നു അദ്ദേഹം.
അതേസമയം മാരത്തണിൽ സുരക്ഷാ സംവിധാനങ്ങളൊന്നുമുണ്ടായില്ലെന്നും വാഹനങ്ങൾ നിയന്ത്രിക്കാതെ നടത്തിയ പരിപാടിയിൽ പങ്കെടുത്ത പലരും തലനാരിഴയ്ക്കാണ് അപകടങ്ങളിൽ നിന്നും രക്ഷപ്പെട്ടതെന്നും മാരത്തണിൽ പങ്കെടുത്തവർ പറഞ്ഞു. പുലർച്ചെ നടത്തിയ പരിപാടിയിൽ റോഡിൽ പലയിടത്തും വെളിച്ചമോ, വാളന്‍റിയേഴ്സ് സേവനമോ കാര്യമായി ഉണ്ടായില്ലെന്നും പങ്കെടുത്തവർ പറഞ്ഞു. തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആഷികിന്‍റെ ഖബറടക്കം പാളയം മുസ്ലിം ജുമാ മസ്ജിദിൽ നടത്തി. പിതാവ്: പരേതനായ അബ്ദുൾ റഷീദ്. മാതാവ്: ഷറഫുന്നീസ. ഭാര്യ: മാജിത (അധ്യാപിക). മക്കൾ: അമൻ, ആഷിമ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam