മീൻ പിടിക്കാൻ വല വിരിച്ച് തിരികെ കയറ്റുമ്പോൾ കുടുങ്ങും, വിഴിഞ്ഞത്തും പരിസരത്തും വീണ്ടും കെമിക്കലുകൾ നിറഞ്ഞ ബാരലുകൾ; തീരത്ത് ആശങ്ക

Published : Jun 07, 2025, 07:01 AM IST
vizhinjam container

Synopsis

വിഴിഞ്ഞത്തേയ്ക്ക് വീണ്ടും കെമിക്കലുകൾ അടങ്ങിയ ബാരലുകൾ ഒഴുകിയെത്തുന്നു. കൊച്ചിയിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള ബാരലുകൾ കടലിൽ ഒഴുകി നടക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി 11 എണ്ണം തീരത്തെത്തിയിരുന്നു.

തിരുവനന്തപുരം: വിഴിഞ്ഞത്തേയ്ക്ക് വീണ്ടും കെമിക്കലുകൾ അടങ്ങിയ ബാരലുകൾ ഒഴുകിയെത്തുന്നു. കൊച്ചിയിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള ബാരലുകൾ കടലിൽ ഒഴുകി നടക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി 11 എണ്ണം തീരത്തെത്തിയിരുന്നു. ഇന്നലെ കോവളം ഭാഗത്തു രണ്ടെണ്ണവും ആഴിമലഭാഗത്തു ഒരെണ്ണവും വിഴിഞ്ഞത്ത് അഞ്ചെണ്ണവും ലഭിച്ചു. ഇന്നലെ വൈകിട്ടു വരെ 19 ബാരലുകളാണ് ലഭിച്ചത്. കണ്ടയ്നറുകൾ നീക്കം ചെയ്യാൻ ഏൽപിച്ചിരിക്കുന്ന കമ്പനി നേതൃത്വത്തിൽ ഇവ ശേഖരിച്ചു കോസ്റ്റൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്. കടലിൽ ഒഴുകിനടക്കുന്ന കെമിക്കലുകൾ അടങ്ങിയ ഭാരം കൂടിയ ബാരലുകൾ മത്സ്യബന്ധനത്തെ ബാധിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.

മീൻപിടിക്കാനായി വല വിരിച്ച ശേഷം തിരികെ വലിച്ചുകയറ്റുമ്പോഴാണ് ബാരലുകൾ കാണുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വലകൾ പൊട്ടി നഷ്ടം ഉണ്ടായതായി കാണിച്ച് രണ്ടു തൊഴിലാളികൾ കോസ്റ്റൽ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പുറമെ കാണാൻ പറ്റാത്തതിനാലും രാത്രി മത്സ്യബന്ധനത്തിനു പോകുന്നതിനാലും എഞ്ചിനുകളിലോ വള്ളത്തിലോ തട്ടി ഇവ പൊട്ടുമോയെന്ന ആശങ്കയുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് ആഴിമല ഭാഗത്ത് ഒരെണ്ണം ഒഴുകിനടക്കുന്നതായി കണ്ടത്.

വ്യാഴാഴ്ച രാത്രിയാണ് മുങ്ങിയ കപ്പലിലെ കണ്ടയ്നറിൽ നിന്നും വീണ കെമിക്കലുകൾ അടങ്ങിയ 11 ബാരലുകൾ മത്സ്യതൊഴിലാളികൾ വിഴിഞ്ഞം മത്സ്യബന്ധന തീരത്ത് എത്തിച്ചത്. പാമോകോൾ പിഡിഎ 1300 എന്നും മലേഷ്യ നിർമിതമെന്നും രേഖപ്പെടുത്തിയിട്ടുണ്ട് . 210 കിലോഗ്രമാണ് ഓരോ ബാരലിനുമുള്ളത്. വിഴിഞ്ഞത്തെ രണ്ട് വള്ളങ്ങളിലായി പോയ മത്സ്യ തൊഴിലാളികൾക്കാണ് ലഭിച്ചത്. നീല നിറത്തിലുള്ള പ്ലാസ്റ്റിക് ബാരലുകളാണിവ. സോപ്പ്, സൗന്ദര്യ വർധക വസ്തുക്കൾ, മറ്റ് ക്ലീനിംഗ് വസ്തുക്കൾ എന്നിവ നിർമ്മിക്കുന്ന ലിക്വിഡ് ആണെന്ന് പൊലീസ് പറഞ്ഞു. തീരത്തു നിന്നും 12 കിലോമീറ്റർ ഉള്ളിലാണ് ബാരലുകൾ കണ്ടെത്തിയത്. മത്സ്യബന്ധനത്തിനു പോയ വള്ളത്തിലും എഞ്ചിനിലും തട്ടിയതോടെയാണ് പിന്നാലെ വരുന്ന വള്ളങ്ങൾക്കും അപകടം ഉണ്ടാകാൻ സാധ്യത കണ്ട് മത്സ്യ തൊഴിലാളികൾ ഇവ കരയിലെത്തിച്ച് അധികൃതരെ വിവരമറിയിച്ചത്.

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം