എണ്ണപ്പാറയിലെ ആദിവാസി പെൺകുട്ടിയുടെ മരണം; 15 വ‌ർഷങ്ങൾക്ക് ശേഷം മൃതദേഹം കടത്താൻ ഉപയോഗിച്ച ജീപ്പ് കണ്ടെത്തി

Published : Jun 07, 2025, 02:41 AM IST
Kerala Police

Synopsis

അമ്പലത്തറ എണ്ണപ്പാറയിലെ ആദിവാസി പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മൃതദേഹം കടത്താൻ ഉപയോഗിച്ച ജീപ്പ് ക്രൈംബ്രാഞ്ച് കണ്ടെത്തി.

കാസര്‍കോട്: അമ്പലത്തറ എണ്ണപ്പാറയിലെ ആദിവാസി പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മൃതദേഹം കടത്താൻ ഉപയോഗിച്ച ജീപ്പ് ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസിൽ അറസ്റ്റിലായ ബിജു പൗലോസ് ഉപയോഗിച്ച ജീപ്പാണ് ബന്തടുക്കയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. പ്രതിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ ഹർജി കോടതി തള്ളി.

2010 ജൂണ്‍ ആറിനാണ് അമ്പലത്തറ എണ്ണപ്പാറയിലെ ആദിവാസി പെൺകുട്ടിയെ കാണാതാവുന്നത്. കാഞ്ഞങ്ങാട് നഴ്സറി ടീച്ചര്‍ പരിശീലനത്തിന് എത്തിയ 17 വയസുകാരിയെ താമസ സ്ഥലത്ത് നിന്നാണ് കാണാതായത്. പെൺകുട്ടി മരിച്ചതായി 15 വർഷങ്ങൾക്കുശേഷം ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. മൃതദേഹം കടത്താൻ ഉപയോഗിച്ചെന്ന് കരുതുന്ന ജീപ്പാണ് അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തത്.

കേസിൽ പ്രതിയായ പാണത്തൂർ ബാപ്പുങ്കയത്തെ ബിജു പൗലോസ് നേരത്തെ ഉപയോഗിച്ച ജീപ്പാണ് ബന്തടുക്കയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. കാഞ്ഞങ്ങാട്, മഡിയനിൽ സ്വന്തം നിലയിൽ വാടകക്കെടുത്തു കൊടുത്ത മുറിയിൽ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടെന്നും ഇതിനെ തുടർന്ന് മൃതദേഹം ഈ ജീപ്പിൽ കയറ്റി പാണത്തൂർ പവിത്രംകയത്ത് എത്തിച്ച് പുഴയിൽ ചവിട്ടിത്താഴ്ത്തിയെന്നുമാണ് പ്രതിയുടെ മൊഴി. എന്നാൽ ഇത് കൊലപാതകമാണോ എന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്.

പിന്നീട് ബിജു പൗലോസ് ജീപ്പ് മറ്റൊരാൾക്ക് വിൽക്കുകയായിരുന്നു. അതേസമയം, തുടർ അന്വേഷണത്തിനായി പ്രതിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഹർജി തള്ളി. നുണ പരിശോധനയ്ക്ക് പ്രതി വിസമ്മതിച്ചതാണ് ഹരജി തള്ളാൻ കാരണം. കഴിഞ്ഞ മാസമാണ് ബിജു പൗലോസിനെ മടിക്കേരിയിൽ നിന്നും ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്തത്.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ