
സുല്‍ത്താന്‍ബത്തേരി: ബത്തേരി താലൂക്ക് ആശുപത്രിയില്‍ അസൗകര്യങ്ങള്‍ക്ക് നടുവില്‍ നോക്കുകുത്തിയായി ആധുനിക കെട്ടിടം. 12 കോടിയിലധികം മുടക്കി നിർമിച്ച കെട്ടിടം വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണ്. രോഗികളും ആശുപത്രി അധികൃതരും സ്ഥലപരിമിതി കൊണ്ട് വീർപ്പമുട്ടുമ്പോഴാണ് ഉദ്ഘാടനം ചെയ്തിട്ട് 3 വർഷം കഴിഞ്ഞിട്ടും പുതിയ കെട്ടിടം ഉപയോഗിക്കാതെ കിടക്കുന്നത്. കെട്ടിടം നിർമിച്ചതിലെ അപാകതയാണ് കാരണമെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.
4 കോടി രൂപ ചെലവില്‍ അറ്റകുറ്റപ്പണി തുടരുകയാണ്. വയനാട്ടില്‍ ഏറ്റവും അധികം രോഗികളെത്തുന്ന താലൂക്ക് ആശുപത്രിയാണ് ബത്തേരിയിലേത്. നിത്യേന ആയിരത്തിലധികം രോഗികളാണ് ഒപി വിഭാഗത്തില്‍ മാത്രമെത്തുന്നത്. 12.5 കോടിരൂപ ചിലവിട്ട് 5 നിലകളിലായാണ് കൂറ്റന്‍ കെട്ടിടം പണിതുയർത്തിയത്. കൂടുതല്‍ പേർക്ക് കിടത്തി ചികിത്സ, വെന്‍റിലേറ്റർ സൗകര്യം തുടങ്ങി അത്യാധുനിക ചികിത്സ സംവിധാനങ്ങളടക്കം ഇവിടെ സജ്ജീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. 2014 മാർച്ചില്‍ തുടങ്ങിയ കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയായത് 2016മെയ് 23. റവന്യൂവകുപ്പിന്‍റെ അനുമതി കാത്ത് ഉദ്ഘാടനം രണ്ട് വർഷത്തിലേറെ നീണ്ടു. ഒടുവില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ കെട്ടിടം നാടിന് സമർപ്പിച്ചു.
മാസങ്ങള്‍ക്കുശേഷം താഴത്തെ നിലയില്‍ പേരിന് ഒപി വിഭാഗം തുറന്നതല്ലാതെ പുതിയ ബ്ലോക്ക് ഉപയോഗിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതേ വിഭാഗത്തില്‍ ചികിത്സയെക്കെത്തിച്ച ഷെഹല ഷെറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റെഫർ ചെയ്യാന്‍ പറഞ്ഞ കാരണവും അസൗകര്യങ്ങള്‍ തന്നെ. എന്നാല്‍ കെട്ടിടത്തിന്‍റെ നിർമാണത്തിലുണ്ടായ അപാകത പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികളാണ് ഇപ്പോള്‍ ഇവിടെ പുരോഗമിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam