
കൊച്ചി: അത്താഴത്തിന് ബീഫ് കറി കഴിച്ചതിന് പിന്നാലെ 84കാരിക്ക് കടുത്ത ചുമയും ശ്വാസ തടസവും. അവശനിലയിൽ ആശുപത്രിയിലെത്തിച്ച കോതമംഗലം സ്വദേശിനിയുടെ ശ്വാസകോശത്തിന് നിന്ന് നീക്കിയത് ഇറച്ചിയിലെ എല്ല്. മൂന്ന് ദിവസം മുൻപ് അത്താഴത്തിന് ചോറും ബീഫ് കറിയും കഴിച്ചതിന് പിന്നാലെയാണ് 84കാരിക്ക് ശ്വാസ തടസം അനുഭവപ്പെട്ടത്. നെഞ്ചിലെന്തോ തടഞ്ഞത് പോലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ട വയോധികയെ കുടുംബം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
എക്സറേയിലും സിടി സ്കാനിലും തോന്നിയ സംശയത്തിന് പിന്നാലെ വയോധികയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ച വയോധികയുടെ ശ്വാസകോശത്തിൽ നിന്ന് 2 സെന്റി മീറ്ററോളം നീളമുള്ള ബീഫിന്റെ എല്ലാണ് ഇന്റർവെൻഷണൽ പൾമണോളജി മേധാവി ഡോ.ടിങ്കു ജോസഫ് നീക്കിയത്. വയോധികയുടെ വലത് ശ്വാസകോശത്തിലേക്കുള്ള ട്യൂബ് പൂർണമായി അടച്ച നിലയിലായിരുന്നു ബീഫിന്റെ എല്ലുണ്ടായിരുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസമെടുത്തപ്പോളാവാം കറിയിലെ എല്ല് ശ്വാസകോശത്തിലേക്ക് എത്തിയതെന്നാണ് ഡോ.ടിങ്കു ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വിശദമാക്കിയത്.
44 കാരിയുടെ ശ്വാസകോശത്തിൽ നിന്ന് കണ്ടെത്തിയത് 12 വർഷം മുൻപ് കാണാതായ മൂക്കുത്തിയുടെ ചങ്കിരി
റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെയാണ് എല്ലിന്റെ കഷ്ണം നീക്കിയത്. ചികിത്സ പൂർത്തിയാക്കി 84കാരി ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടതായും ഡോ.ടിങ്കു ജോസഫ് വ്യക്തമാക്കി. ഇത്രയും പ്രായമായ വ്യക്തിയിൽ ഇത്തരമൊരു മെഡിക്കൽ പ്രൊസീജ്യർ ചെയ്യുന്നത് ആദ്യമായാണെന്നാണ് ഡോ.ടിങ്കു ജോസഫ് പ്രതികരിക്കുന്നത്. തക്ക സമയത്ത് ചികിത്സ നേടിയതാണ് വയോധികയുടെ ജീവൻ രക്ഷിക്കാൻ സഹായകരമായതെന്നും ഡോ.ടിങ്കു ജോസഫ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam