
തിരുവനന്തപുരം: ലഹരിക്കെതിരെ ഒറ്റക്കെട്ടായി പോരാടാൻ തീരുമാനിച്ച് തിരുവനന്തപുരത്തെ ബീമാപള്ളി മുസ്ലിം ജമാ അത്ത്. ജമാ അത്ത് അംഗങ്ങളായ ആരെങ്കിലും ലഹരി വസ്തുക്കളുമായി പിടിക്കപ്പെട്ടാൽ അവരെ പത്ത് വർഷത്തേക്ക് ജമാ അത്ത് അംഗത്വത്തിൽ നിന്ന് നീക്കാനും 50,000 രൂപ പിഴ ഈടാക്കാനുമാണ് തീരുമാനം. ഇവർക്ക് ജമാ അത്ത് ഭരണ സമിതിയിലേക്ക് വരാനോ ജമാ അത്ത് നൽകുന്ന ആനുകൂല്യങ്ങൾ സ്വീകരിക്കാനോ സാധിക്കില്ല.
ലഹരി ഉപയോഗിച്ച് പിടിയിലാകുന്നവരെ പിന്തുണയ്ക്കുന്നവർക്കും നിയമ സഹായം നൽകുന്ന നാട്ടുകാർക്കും ഇത് ബാധകമാണെന്നും ജമാ അത്ത് നോട്ടീസിലൂടെ വ്യക്തമാക്കി. ജൂലൈ 30ന് കൂടിയ ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടിയ ലഹരി വിരുദ്ധ യോഗം ആണ് ഇത്തരത്തിൽ ഒരു വ്യത്യസ്തമായ തീരുമാനം കൈകൊണ്ടിരിക്കുന്നത്. ജൂലൈ 31 മുതൽ ജമാ അത്ത് അംഗങ്ങളായ ആരെങ്കിലും ലഹരി വസ്തുക്കളുമായി പിടിക്കപ്പെട്ടാൽ അവരെ പത്ത് വർഷത്തേക്ക് ജമാ അത്ത് അംഗത്വത്തിൽ നിന്ന് നീക്കുമെന്നും 50,000 രൂപ പിഴ ഈടാക്കുമെന്നുമാണ് കമ്മിറ്റി തീരുമാനം.
മുൻപ് അഞ്ചു വർഷം വിലക്ക് ആയിരുന്നത് ആണ് ഇപ്പൊൾ 10 വർഷം ആക്കി നീട്ടിയിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും ഇവർക്ക് ഉണ്ടായിരിക്കും എന്നും എന്നാൽ ഇവർക്ക് ജമാ അത്ത് ഭരണ സമിതിയിലേക്ക് വരാൻ കഴിയില്ലെന്നും ബീമാപള്ളി മുസ്ലിം ജമാ അത്ത് പ്രസിഡന്‍റ് മുഹമ്മദ് ഇസ്മായിൽ ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
ജമാ അത്ത് അംഗങ്ങൾക്ക് നൽകുന്ന ധന സഹായം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾക്കും അവര്‍ അര്‍ഹരായിരിക്കില്ല. ഇതിന് പുറമെ അത്തരക്കാരെ പിന്തുണയ്ക്കുന്നവർക്കും നിയമ സഹായം നൽകുന്ന നാട്ടുകാർക്കും ഈ നടപടി ബാധകം ആണെന്ന് ജമാ അത്ത് നോട്ടീസിൽ പറയുന്നു. യുവാക്കൾക്ക് ഇടയിലെ ലഹരി ഉപയോഗം കൂടി വരുന്ന സാഹചര്യത്തിൽ ബീമാപള്ളി മുസ്ലിം ജമാ അത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്ന ഈ നടപടി സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam