
ഹരിപ്പാട്: ഭിക്ഷാടന സംഘത്തിന്റെ ക്രൂരപീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട പതിനാലുകാരൻ അഭയം തേടിയെത്തിയത് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയായ മഹാരാജയാണ് (14) ഭിക്ഷാടന മാഫിയയുടെ കൈകളിൽ നിന്നും ഓടി രക്ഷപ്പെട്ടത്. റെയിൽവേ സ്റ്റേഷനിൽ വെച്ച് കുട്ടിയെ കണ്ട നാട്ടുകാർ ഹരിപ്പാട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ നിർദേശപ്രകാരം കുട്ടിയെ ഇപ്പോൾ സെന്റ് തോമസ് ബാലികാ ഭവനിൽ താൽക്കാലികമായി താമസിപ്പിച്ചിരിക്കുകയാണ്. മഹാരാജയുടെ മാതാവ് മരണപ്പെട്ടതിനെ തുടർന്ന് പിതാവ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. തുടർന്ന് മഹാരാജയും അനുജൻ ചിലമ്പരശനും തൂത്തുക്കുടിയിലെ ഒരു അനാഥമന്ദിരത്തിൽ നിന്നാണ് പഠിച്ചിരുന്നത്. എന്നാൽ ഹരിപ്പാട് കുട ശരിയാക്കുന്ന ജോലി ചെയ്യുന്ന ഇവരുടെ പിതാവിന്റെ അനുജനായ അന്തോണി ഒരു മാസം മുമ്പാണ് ഇവരെ ഹരിപ്പാട്ടേക്ക് എത്തിച്ചത്. തുടർന്ന് ദിവസവും രാവിലെ ഒരു സംഘത്തോടൊപ്പം ഇവരെ ഭിക്ഷയ്ക്കായി പറഞ്ഞുവിടും. ഉച്ചയ്ക്ക് സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണം വാങ്ങി നൽകിയ ശേഷം ഉച്ചകഴിഞ്ഞും വീണ്ടും ഭിക്ഷാടനത്തിന് നിയോഗിക്കുകയായിരുന്നു പതിവ്.
ഒരു ദിവസം 1500 രൂപയാണ് കുട്ടികൾക്ക് ടാർജറ്റ് നൽകിയിരുന്നത്. ദിവസേനയുള്ള വരുമാനം 1000 രൂപയിൽ താഴെയായാൽ കുട്ടികളുടെ തലയ്ക്ക് പുറകിലായി അന്തോണി ക്രൂരമായി മർദ്ദിക്കുമായിരുന്നു. ഈ മർദ്ദനം സഹിക്കാനാവാതെയാണ് മഹാരാജ രക്ഷപ്പെട്ട് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. മഹാരാജ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാട്ടുകാരും പൊലീസും ചേർന്ന് അനിയനെയും അന്തോണിയെയും കണ്ടെത്താനായി ഹരിപ്പാട്ട് പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരമറിഞ്ഞ് ഇവർ ഇവിടെ നിന്നും രക്ഷപ്പെട്ടതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. നഗരത്തിൽ ഭിക്ഷാടന മാഫിയ ശക്തമാണെന്നും ഇതിന് അറുതിവരുത്താൻ പൊലീസിന്റെയും ചൈൽഡ് ലൈന്റെയും അടിയന്തര ഇടപെടൽ വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam