ഗോത്ര വിദ്യാർത്ഥി ലൈബ്രറിക്കായി പുസ്തക സമാഹരണത്തിന് തുടക്കം

By Web TeamFirst Published Nov 15, 2021, 7:44 AM IST
Highlights

കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത മരുതോങ്കര ജി എൽ പി സ്കൂളിലെ ആർ.സാൻസിയ ശിശുദിന സന്ദേശം നൽകി...

കോഴിക്കോട്: ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ വിലങ്ങാട് അടുപ്പ് കോളനിയിൽ ആരംഭിക്കുന്ന ആരണ്യകം ഗോത്ര വിദ്യാർത്ഥി ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണത്തിന്  ശിശുദിനത്തിൽ തുടക്കമായി. സാംസ്ക്കാരിക പ്രവർത്തകരിൽ നിന്നുള്ള പുസ്തക സമാഹരണത്തിൻ്റെ ഉദ്ഘാടനവും ശിശുദിന സ്റ്റാമ്പ് പ്രകാശനവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.എസ്. വെങ്കിടാചലം നിർവ്വഹിച്ചു. 

ജില്ലാ സെക്രട്ടറി വി. ടി. സുരേഷ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. കവിയും അധ്യാപികയുമായ വിനു നീലേരി മുഖ്യ പ്രഭാഷണം നടത്തി.  ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ശിശുദിനാഘോഷ പരിപാടികൾ എഡിസി ജനറൽ എം. മിനി  ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത മരുതോങ്കര ജി എൽ പി സ്കൂളിലെ ആർ.സാൻസിയ ശിശുദിന സന്ദേശം നൽകി. യു പി പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കണ്ടറി സ്ക്കൂളിലെ ജൂൺ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.

ജില്ലാ ട്രഷറർ കെ. വിജയൻ ജില്ലാതല രചനാ മത്സര വിജയികൾക്ക്  ഉപഹാരങ്ങൾ നൽകി. പി.ശ്രീദേവ് ആശംസാ പ്രസംഗം നടത്തി. തിരുവമ്പാടി ഇൻഫാൻ്റ് ജീസസ് ഹയർ സെക്കണ്ടറി സ്കൂളിലെ അയന സന്തോഷ് സ്വാഗതവും വേളൂർ ജി എം യു പി സ്കൂളിലെ ജ്യോതിക എസ്.ആർ.നന്ദിയും പറഞ്ഞു.

click me!