
കല്‍പ്പറ്റ: ബംഗളൂരുവില്‍ നിന്നുള്ള ലഹരിക്കടത്തിന്‍റെ ഇടത്താവളമായി മാറുകയാണ് താമരശേരി ചുരവും പരിസര പ്രദേശങ്ങളും. കെണിയില്‍ വീഴുന്നതാകട്ടെ വിദ്യാര്‍ത്ഥികളും വിനോദ സഞ്ചാരികളുമാണ്. ലഹരിക്കടത്ത് സംഘങ്ങളെ കൈയോടെ പിടികൂടാനും ഒളിത്താവളങ്ങള്‍ കണ്ടെത്താനും പൊലീസ്, എക്സൈസ് സംഘങ്ങള്‍ക്കൊപ്പം നാട്ടുകാരും രംഗത്തിറങ്ങുന്നതാണ് ഇപ്പോൾ ഈ നാട്ടിലെ അവസ്ഥ.
ഈങ്ങാപ്പുഴയിലെ പാരിഷ് ഹാളിന് സമീപം വച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് എക്സൈസ് പ്രിവന്‍റീവ് ഓഫീസര്‍ ഗിരീഷ് നിരവധി ലഹരിക്കേസുകളില്‍ പ്രതിയായ ചീക്ക് എന്ന് വിളിപ്പേരുള്ള നൗഫലിനെ പിടികൂടിയത്. കുതറിയോടിയ നൗഫലിനെ കീഴ്പ്പെടുത്തുന്നതിനിടെയായിരുന്നു ഗീരിഷിന് പരിക്കേറ്റത്. ഈങ്ങാപ്പുഴയും അടിവാരവും എല്ലാം ഉള്‍പ്പെടുന്ന താമരശേരി മേഖലയില്‍ പൊലീസ്, എക്സൈസ് സംഘങ്ങളുടെ നോട്ടപ്പുള്ളികളായി നൗഫലിനെപ്പോലെ ഏരെ പേരുണ്ട്. എന്നാല്‍ ഈ സംഘങ്ങളെ കണ്ടെത്താനുള്ള ഉദ്യമത്തില്‍ നാട്ടുകാര്‍ കൂടി പങ്കാളികളാകുന്നത് ലഹരി സംഘങ്ങള്‍ക്ക് സൃഷ്ടിക്കുന്ന വെല്ലുവിളി ചെറുതല്ല.
താമരശേരി മുതല്‍ അടിവാരവും ചുരം വളവുകളും കടന്ന് വയനാട്ടിലെ ലക്കിടി വരെയുളള മേഖല ലഹരി സംഘങ്ങള്‍ ഇടത്താവളമാക്കിയിട്ട് കാലമേറെയായി. ബംഗളൂരുവില്‍ നിന്നെത്തുന്ന ലഹരി വിതരണം ചെയ്യുന്ന ചെറു കേന്ദ്രങ്ങളാണ് ചുരത്തില പല വളവുകളും തിരിവുകളും. വിദ്യാര്‍ത്ഥികളും വിനോദ സഞ്ചാരികളുമാണ് ലഹരി മാഫിയയുടെ കെണിയില്‍ വീഴുന്നവരിലേറെയും.
താമരശേരി മുതല്‍ വയനാട് ചുരത്തിന്‍റെ അതിര്‍ത്തി വരെയുളള വിസ്തൃതമായ മേഖലയില്‍ ഒരേയൊരു പൊലീസ് സ്റ്റേഷനും ഒരു എക്സൈസ് ഓഫീസും മാത്രമാണ് ഉള്ളത്. ഈ മേഖലയിലെ ലഹരി ശൃംഖലയുടെ വ്യാപ്തി വച്ചു ഇതെല്ലാം തുലോം തുച്ഛമായ സംവിധാനങ്ങളാണ്. എങ്കിലും നാട്ടുകാരുട നേതൃത്വത്തിലുളള ജാഗ്രതാ സമിതികളുടെ പിന്തുണയോടെ ലഹരിയുടെ സങ്കേതങ്ങള്‍ ഒന്നൊന്നായി കണ്ടെത്താനുളള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam