
എടത്വാ: കുടിവെള്ളം ചോദിച്ചെത്തിയ പശ്ചിമ ബംഗാൾ സ്വദേശി ആലപ്പുഴയിൽ വീട്ടമ്മയേയും മകനേയും മാരകമായി കുത്തി പരിക്കേൽപ്പിച്ചു. തലവടി പഞ്ചായത്ത് ഏഴാം വാർഡിൽ നീരേറ്റുപുറം കറുകയിൽ വിൻസി കോട്ടേജിൽ അനു ജേക്കബ്ബിന്റെ ഭാര്യ വിൻസിയേയും (50) മകൻ അൻവിനേയുമാണ് (25) കുത്തി പരിക്കേൽപ്പിച്ചത്. വീട് കയറി ആക്രമിച്ച് വീട്ടമ്മയെയും മകനേയും കുത്തി പരിക്കേൽപ്പിച്ചതിന്റെ പേരിൽ ബംഗാൾ സ്വദേശി സത്താറിനെ (36) പിന്നാലെ എടത്വാ പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ബുധനാഴ്ച വൈകിട്ട് 6 മണിയോട് കൂടിയായിരുന്നു സംഭവം. കുടിവെള്ളം ചോദിച്ച് വീട്ടിലെത്തിയ സത്താർ ബഹളം വെച്ചതിനെ തുടർന്ന് വീട്ടുകാർ വാതിൽ അടച്ച് അകത്തു കയറി. കതകിൽ ഇടിച്ചും ചവിട്ടിയും തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വീടിന് മുറ്റത്ത് കെട്ടിയിട്ട നായയുടെ നേരേ അക്രമം നടത്തി. നായുടെ കഴുത്തിൽ കയറിട്ട് മുറുക്കുന്നതുകണ്ട അൻവിൻ പുറത്തിറങ്ങി തടയാൻ ശ്രമിച്ചു. ഈ സമയം കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അൻവിന്റെ നെഞ്ചിന് താഴെ കുത്തുകയായിരുന്നു. മകനെ കുത്തുന്നതുകണ്ട് ഓടിയെത്തിയ വിൻസിയുടെ നേരെയും സത്താർ തിരിഞ്ഞു. വിൻസിയുടെ കൈയ്യിലാണ് കുത്തേറ്റത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ഓടിക്കൂടിയ നാട്ടുകർ സത്താറിനെ തടഞ്ഞു. എടത്വാ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. കുത്തേറ്റ ഇരുവരും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. കുത്തേറ്റ വിൻസി എടത്വാ ട്രഷറി ഓഫീസ് ജീവനക്കാരിയാണ്. ലഹരി ഉപയോഗിച്ച് സുബോധം നഷ്ടപ്പെട്ടതാകാമെന്നാണ് നാട്ടുകാരുടെ സംശയം. മറ്റ് പലരുമായും ഇയാൾ വാക്കേറ്റം നടത്തിയതായി സൂചനയുണ്ട്. എടത്വാ എസ് ഐ സി പി കോശി, എ എസ് ഐ സജികുമാർ, സീനിയർ സി പി ഒ പ്രതീപ് കുമാർ, സി പി ഒ മാരായ സനീഷ്, കണ്ണൻ, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam