
തിരുവനന്തപുരം: വ്യാജ ആപ്പ് നിർമിച്ചും സാമൂഹ്യ മാധ്യമ കൂട്ടായ്മകളിലൂടെയും ആളുകളെ സ്വാധീനിച്ചും മൂന്നരക്കോടിയോളം രൂപ അപഹരിച്ച സംഘത്തിലെ ഒരാളെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ ഡോക്ടറില്‍ നിന്ന് അമിതലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പിലൂടെ മൂന്നു കോടി 43 ലക്ഷത്തോളം തട്ടിയെടുത്ത സംഘത്തിലെ കണ്ണിയും ബെഗളൂരു സ്വദേശിയുമായ ധനുഷ് നാരായണസ്വാമി എന്നയാളാണ് പൊലീസ് പിടിയിലായത്. ഉള്ളൂർ സ്വദേശിയിൽ നിന്നും അപഹരിച്ച തുകയിലെ ഒരുകോടി ഇരുപതുലക്ഷം രൂപ ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അന്വേഷണ സംഘം വീണ്ടെടുത്തു.
സെപ്റ്റംബര്‍ 29ന് ബെഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. തട്ടിയെടുത്ത പണം ക്രിപ്റ്റോ കറന്‍സി ആക്കിമാറ്റി വിദേശത്തേക്ക് കടത്തുന്നതാണ് സംഘത്തിന്‍റെ രീതി. വ്യാജ ട്രേഡിങ് ആപ്പുകൾ നിർമിച്ചും സമൂഹ്യ മാധ്യമങ്ങളിലെ ഗ്രൂപ്പുകൾ വഴിയും ഓണ്‍ലൈന്‍ നിക്ഷേപത്തിലേക്ക് ഇരയുടെ വിശ്വാസം നേടിയെടുത്ത് തട്ടിപ്പുകാര്‍ പലപ്പോഴായി പണം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു. വഞ്ചിക്കപ്പെട്ടെന്ന് മനസിലായപ്പോള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ പ്രതികള്‍ ഇരയുമായി വാട്സാപ്പ്, ടെലഗ്രാം മുതലായ സമൂഹമധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നെന്നും നിക്ഷേപം നടത്താനായി നിര്‍ബന്ധിച്ചിരുന്നതും വ്യക്തമായി.
പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബെംഗളുരുവിലെ ഒരു വ്യാജ കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കപ്പെടുന്നതെന്ന് മനസിലായി. ഈ അക്കൗണ്ടിനെപറ്റിയുള്ള കൂടുതല്‍ അന്വേഷണത്തിലാണ് പ്രതിയുടെ വിവരം ലഭിച്ചത്. നിക്ഷേപത്തട്ടിപ്പുകള്‍ക്കായി പ്രതി വ്യാജ കമ്പനി ചമച്ച് അക്കൗണ്ട് എടുക്കുകയായിരുന്നു. ഇയാളുടെ അക്കൗണ്ടില്‍നിന്നു ഒരുകോടി ഇരുപതുലക്ഷം രൂപ തിരികെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞു. ബെംഗളുരുവിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ കേരളത്തില്‍ എത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam