
ആലപ്പുഴ: ട്രെയിൻ തട്ടി മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. അരൂർ പഞ്ചായത്ത് 17-ാം വാർഡിൽ ധർമ്മേക്കാട് രതീഷിന്റെ മകൾ അഞ്ജന (19) യുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നുമാണ് കുടുംബം പറയുന്നത്. അരൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ട്രെയിൻ തട്ടി മരിച്ച നിലയിൽ അഞ്ജനയെ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച കുടുംബം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
അതിനിടെ ഗുജറാത്തിൽ നിന്നുള്ള മറ്റൊരു വാർത്ത ട്രെയിനിലെ ലേഡീസ് കംപാർട്ട്മെന്റിൽ അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയും വനിതാ യാത്രക്കാരെ അസഭ്യം പറയുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. സെപ്റ്റംബർ 11ന് വിരമനഗരം-ദാദർ ഫാസ്റ്റ് ലോക്കൽ ട്രെയിനിലാണ് സംഭവം. ബോറിവലി റെയിൽവേ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഗുജറാത്തിലെ വൽസാദ് സ്വദേശിയായ 35 വയസുള്ള നാഥു ഹൻസയാണ് അറസ്റ്റിലായത്. സഹോദരിയുടെ വീട്ടിൽ പോകാനായാണ് ഇയാൾ ബാന്ദ്രയിൽ എത്തിയത്. ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും തൊഴിൽരഹിതനാണെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 24നാണ് കേസ് രജിസ്റ്റർ ചെയ്തത്. എഫ്ഐആർ ഫയൽ ചെയ്തതിന് ശേഷം ബോറിവലി റെയിൽവേ പൊലീസ് ഒരു പ്രത്യേക സംഘം രൂപീകരിച്ചു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ നിന്ന് ലഭിച്ച പ്രതിയുടെ ഫോട്ടോ ഉപയോഗിച്ച്, മുഖം തിരിച്ചറിയൽ സംവിധാനം വഴി പൊലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
സെപ്റ്റംബർ 11ന് വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം നടന്നതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. വിരമനഗരം സ്വദേശിയായ പരാതിക്കാരി സന്ധ്യ ഭോസാലെ (32) ആണ് വൈറലായ വീഡിയോ റെക്കോർഡ് ചെയ്തത്. വിരമനഗരം-ദാദർ ഫാസ്റ്റ് ട്രെയിനിന്‍റെ ആദ്യത്തെ ലേഡീസ് കംപാർട്ട്‌മെന്റിൽ (ചർച്ച്ഗേറ്റ് ഭാഗം) യാത്ര ചെയ്യുകയായിരുന്നു അവർ. ട്രെയിൻ ബോറിവലി സ്റ്റേഷൻ വിട്ട ഉടൻ, ഏകദേശം 30 വയസ് തോന്നിക്കുന്ന ഒരാൾ തൊട്ടടുത്ത ലഗേജ് കംപാർട്ട്‌മെന്‍റിൽ നിന്ന് ലേഡീസ് കംപാർട്ട്‌മെന്‍റിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. ഇയാൾ കംപാർട്ട്‌മെന്‍റിന്‍റെ ജനലിൽ പിടിച്ച് അകത്തുണ്ടായിരുന്ന സ്ത്രീകളെ അസഭ്യം പറയാൻ തുടങ്ങിയെന്നും പരാതിയിൽ പറയുന്നു.