ആഢ്യൻപാറ ചെറുകിട ജല വൈദ്യുത പദ്ധതിയിൽ ഈ വർഷം മികച്ച ഉൽപ്പാദനം

By Web TeamFirst Published Oct 23, 2021, 12:01 AM IST
Highlights

മലപ്പുറം ജില്ലയിലെ കെ എസ് ഇ ബിയുടെ ഏക ജനറേറ്റിംഗ് സ്റ്റേഷനായ ആഢ്യൻപാറ ചെറുകിട ജല വൈദ്യുത പദ്ധതിയിൽ ഈവർഷം മികച്ച ഉൽപ്പാദനം

നിലമ്പൂർ: മലപ്പുറം ജില്ലയിലെ കെ എസ് ഇ ബിയുടെ ഏക ജനറേറ്റിംഗ് സ്റ്റേഷനായ ആഢ്യൻപാറ ചെറുകിട ജല വൈദ്യുത പദ്ധതിയിൽ ഈവർഷം മികച്ച ഉൽപ്പാദനം.  പ്രതിവർഷ ഉൽപ്പാദന ലക്ഷ്യമായ തൊണ്ണൂറ് ലക്ഷത്തി പതിനായിരം യുണിറ്റ് (9.01)  ആറ് മാസത്തിനുള്ളിൽ ഉൽപ്പാദിപ്പിക്കാനായി. 

2015 സപ്തബർ മൂന്നിന് കമ്മീഷൻ ചെയ്ത ഈ പദ്ധതി പ്രതിസന്ധികളെയെല്ലാം തരണം ചെയ്താണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ മഹാപ്രളയങ്ങളിൽ  ജനറേറ്റിംഗ് സ്റ്റേഷനിലേക്ക് വെള്ളം വരുന്ന തുരങ്ക മുഖവും മൂന്ന് ജനറേറ്ററുകളും മണ്ണിനിടയിൽപ്പെട്ട് പോയിട്ടും കഠിനാധ്വാനം ചെയ്താണ് മുൻകാല ജീവനക്കാരും ഉദ്യോഗസ്ഥരും 2015 ആരംഭിച്ച ഈ പവർ സ്റ്റേഷനെ ജീവസുറ്റതാക്കിയത്.

ഈ വർഷത്തെ അനുകൂല കാലാവസ്ഥയും സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താനുള്ള ആസൂത്രണവും സമയാസമയങ്ങളിലെ അറ്റകുറ്റപ്പണികളും വാർഷിക ഉൽപ്പാദന ലക്ഷ്യം വേഗത്തിൽ സാക്ഷാൽകരിക്കാൻ സഹായാകമായിട്ടുണ്ടെന്ന് അസിസ്റ്റന്റ് എൻജിനീയർ പി ആർ ഗണദീപൻ അറിയിച്ചു. ചാലിയാറിന്റെ കൈവരി പുഴയായ കാഞ്ഞിരപ്പുഴക്ക് കുറകെ ഒരു ചെക്ക്ഡാം നിർമ്മിച്ച് ഒരു കിലോമീറ്റർ തുരങ്കത്തിലൂടെ വെള്ളം കടത്തിവിട്ട് പെൻസ്റ്റോക്ക് പൈപ്പിലൂടെ പവർഹൗസിലെത്തിച്ച് ജനറേഷനു ശേഷം ഈ വെള്ളം ആഢ്യൻപാറ ടൂറിസ്റ്റ് കേന്ദ്രമായ വാട്ടർ ഫാൾസിലേക്ക് തിരിച്ചുവിടുന്നത് വിനോദ സഞ്ചാരികൾക്ക് നയന മനോഹരമായ കാഴ്ച്ച കൂടിയാണ്. 

ചെറുകിട ജലവൈദ്യുത പദ്ധതികൾ കാര്യക്ഷമവും ലാഭകരവുമാണെന്ന് തെളിയിക്കുന്നതാണ് മൂന്നര മെഗാവാട്ട് ശേഷി മാത്രമുള്ള ആഢ്യൻപാറ പദ്ധതിയുടെ ഈ സുവർണ്ണ നേട്ടം.ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ ഓഗസ്റ്റ് 23 വരെ 53 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. 3.5 മെഗാവാട്ട് ശേഷിയുള്ള ആഢ്യൻപാറയിൽ 84,000 യൂണിറ്റ് വൈദ്യുതിയാണ് പരമാവധി ഒരു ദിവസത്തെ ഉൽപ്പാദന ശേഷി.

 ഈ വർഷം 86,500 യൂണിറ്റിന് മുകളിൽ വരെ നിലയത്തിൽ ഉത്പാദിപ്പിക്കാൻ സാധിച്ചു.ഇടമഴ ലഭിച്ചതിനാൽ ഈ വർഷം മെയ് പകുതിയോടെ തന്നെ  വൈദ്യുതി ഉൽപ്പാദനം തുടങ്ങിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം  ജൂൺ 14നാണ് ഉത്പാദനം തുടങ്ങിയിരുന്നത്. 1.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററും 0.5 മെഗാവാട്ടിന്റെ ഒരു ജനറേറ്ററുമാണ് പവർ ഹൗസിലുള്ളത്. നിലവിൽ  ഒന്നര മെഗാവാട്ടിന്റെ ജനറേറ്ററാണ് പ്രവർത്തിക്കുന്നത്. കനത്ത മഴയുള്ള സമയത്ത് മൂന്ന് ജനറേറ്ററുകളും പ്രവർത്തിക്കും.

click me!