മാട്ടുപ്പെട്ടിയില്‍ വീണ്ടും പടയപ്പ വിളയാട്ടം; നാളികേരം അകത്താക്കി മടങ്ങി

By Web TeamFirst Published Oct 22, 2021, 9:56 PM IST
Highlights

ഇതിനിടെ പടയപ്പക്ക് വാര്‍ധക്യം ബാധിച്ചെന്നും നടക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിയെന്നും മറ്റും ചില റിപ്പോര്‍ട്ടുകള്‍ വന്നു.
 

ഇടുക്കി: മാട്ടുപ്പെട്ടിയില്‍ (Mattupetty) വീണ്ടും പടയപ്പയുടെ (Padayappa)  വിളയാട്ടം. റോഡിലിറങ്ങിയ ഒറ്റയാന്‍ (Tusker) വാഹനങ്ങളെ ആശങ്കയിലാക്കുകയും നാളികേരം വയറ്റിലാക്കി മണിക്കൂറുകള്‍ക്ക് ശേഷം കാട്ടിലേക്ക് മടങ്ങുകയും ചെയ്തു. നീണ്ട ഇടവേളക്ക് ശേഷമാണ് പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാന മാട്ടുപ്പെട്ടിയിലെത്തുന്നത്. കഴിഞ്ഞ ആറുമാസക്കാലമായി ടൗണിന് സമീപത്തെ കാടുകളില്‍ നിലയുറപ്പിച്ചിരുന്ന ആന രാത്രി നേരങ്ങളില്‍ കച്ചവടസ്ഥാപനങ്ങള്‍ തേടി എത്തിയിരുന്നെങ്കിലും വനപാലകരുടെ നേതൃത്വത്തില്‍ മടക്കിവിട്ടിരുന്നു. 

കാടുകയറിയ പടയപ്പയെ കുറച്ചുകാലം ആരും കണ്ടിരുന്നില്ല. ഇതിനിടെ പടയപ്പക്ക് വാര്‍ധക്യം ബാധിച്ചെന്നും നടക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിയെന്നും മറ്റും ചില റിപ്പോര്‍ട്ടുകള്‍ വന്നു. വനപാലകരുടെ നേതൃത്വത്തില്‍ കാടുകളില്‍ തിരച്ചില്‍ ആരംഭിച്ചതിനിടെയാണ് ഇന്ന് രാവിലെ മാട്ടുപ്പെട്ടി എക്കോ പോയിന്റിന് സമീപത്ത് ഉച്ചയോടെ പടയപ്പ എത്തിയത്. നാളികേരം കുട്ടിയിട്ടിരുന്ന ഭാഗത്ത് ഇറങ്ങിയ ആന റോഡിലൂടെ എത്തിയ വാഹനങ്ങള്‍ക്ക് സൈഡ് നല്‍കുകയും നാളികേരം വയറ്റിലാക്കി മണിക്കൂറുകള്‍ക്ക് ശേഷം കാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
 

click me!