
പത്തനംതിട്ട: ഫൈസി, ഫൈഹ, ഫൈസിൻ, ഒരു കുടുംബത്തിലെ മൂന്ന് കുരുന്നുകൾ. കൂട്ടുകാരെല്ലാം ഓടിക്കളിച്ച് കുട്ടിക്കാലം ആസ്വദിക്കുമ്പോൾ വാടിതളർന്ന പൂക്കൾ പോലെയാണ് മൂവരും. ജീവൻ നിലനിർത്താൻ മൂലകോശ ദാതാക്കളെ തേടുകയാണ് മൂന്നു കുരുന്ന് സഹോദരങ്ങൾ. ബീറ്റാ തലസീമിയ രോഗം ബാധിച്ച ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് അനുയോജ്യമായ രക്തകോശങ്ങൾ ലഭിച്ചാൽ ഗുരുതരരോഗത്തെ അതിജീവിക്കാനാകും.
കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ മുബാറക്ക് - സൈബുനിസ്സ ദമ്പതികളുടെ മക്കളാണ് ഗുരുതര രോഗത്തിൽ നിന്ന് രക്ഷ തേടാൻ സുമനസുകളുടെ സഹായം തേടുന്നത്. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജിലാണ് കുട്ടികൾ ചികിത്സയിലുള്ളത്. ഫൈസിക്ക് മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് രോഗം തിരിച്ചറിയുന്നത്. ഫൈഹയ്ക്ക് ഒൻപതാം മാസത്തിലും ഫൈസിന് നാലര വയസ്സിലും ബീറ്റാ തലസീമിയ രോഗം കണ്ടെത്തി. രക്തത്തിലെ മൂലകോശങ്ങൾ മാറ്റിവെയ്ക്കുന്നതിലൂടെ കുട്ടികൾക്ക് രോഗമുക്തി നേടാം. അതിന് അനുയോജ്യമായ ദാതാവിനെ കണ്ടെത്തണം.
ഏറ്റവും വലിയ വെല്ലുവിളി 20 ദിവസം കൂടുമ്പോൾ ബ്ലഡ് നൽകണമെന്നതാണെന്ന് കുട്ടികളുടെ അമ്മ സൈബുനിസ്സ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബോൺമാരോ ദാതാവിനെ കിട്ടിയെങ്കിൽ മാത്രമേ ആശ്വാസമാകൂവെന്നും സൈബുനിസ്സ പറഞ്ഞു. മൂലകോശ ദാതാവിനെ കണ്ടെത്താൻ ബിലീവേഴ്സ് മെഡി. കോളേജ് സന്നദ്ധ സംഘടനയായ ഡി.കെ.എം.എസ്സുമായി ചേർന്ന് ക്യാമ്പുകൾ നടത്തിയിരുന്നു. എന്നാൽ കൂടുതൽ പേർ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്താലെ അനുയോജ്യമായ ആളെ കണ്ടെത്താനാകൂവെന്ന് ബിലീവേഴ്സ് മെഡി. കോളേജ് ഡോ. ചെപ്സി സി. ഫിലിപ്പ് പറഞ്ഞു. 18 മുതൽ 55 വയസ്സു വരെ പ്രായമുള്ള വർക്ക് ക്യാമ്പിൽ പങ്കാളിയാകാം.
വീഡിയോ സ്റ്റോറി കാണാം
Read More : ഓവർടേക്ക് ചെയ്യുന്നതിനിടെ ലോറിയുടെ പിൻഭാഗം തട്ടി ഓട്ടോ മറിഞ്ഞു, വണ്ടിപ്പെരിയാറിൽ ഡ്രൈവർക്ക് ദാരുണാന്ത്യം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam