വിരമിച്ച സൈനികനില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തു; 18 പൊലീസുകാര്‍ക്കെതിരെ അന്വേഷണം

By Web TeamFirst Published Jun 19, 2021, 12:55 PM IST
Highlights

ഭൂമി വില്‍പ്പനയിലൂടെ തനിക്ക് ലഭിച്ച 49 ലക്ഷം രൂപയും മൂന്ന് ലക്ഷത്തിലധികം വിലവരുന്ന സ്വര്‍ണാഭരണങ്ങളും പരിശോധനയ്ക്കിടെ പൊലീസുകാര്‍ കൈക്കലാക്കിയെന്നും ഹര്‍ജിയില്‍ ഹരിദ്വാർ പ്രസാദ് താക്കൂർ  ആരോപിച്ചു. 

മുസാഫർപൂർ: ബീഹാറില്‍ വിരമിച്ച സൈനികനില്‍ നിന്നും 50 ലക്ഷം രൂപയിലേറെ തട്ടിയെടുത്ത കേസില്‍ 18 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. റസൂൽപൂർ സ്വദേശിയായ  ഹരിദ്വാർ പ്രസാദ് താക്കൂർ സമർപ്പിച്ച ഹര്‍ജിയിലാണ് മുസാഫർപൂര്‍ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നയൻ കുമാർ  പൊലീസുകാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചത്

മദ്യനിരോധനം നില നില്‍ക്കുന്ന പ്രദേശത്ത് മദ്യവില്‍പ്പനയുണ്ടെന്ന് ആരോപിച്ച് പൊലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. മദ്യവില്‍പ്പനയെക്കുറിച്ച് വിവരം ലഭിച്ചെന്ന പേരില്‍ പൊലീസ് മുന്‍ സൈനികനായ ഹരിദ്വാര്‍ പ്രസാദിന്‍റെ വീട്ടിലും തെരച്ചിലിനെത്തി. വീട്ടില്‍ അതിക്രമിച്ച് കയറി പരിശോധന നടത്തിയ പൊലീസുകാരോട് ഹരിദ്വാര്‍ സെര്‍ച്ച് വാറണ്ട് ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതരായ പൊലീസുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് മുന്‍ സൈനികന്‍ പറയുന്നു.

തന്നെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച മകനെയും പൊലീസുകാര്‍ തല്ലിച്ചതച്ചു. ഭൂമി വില്‍പ്പനയിലൂടെ തനിക്ക് ലഭിച്ച 49 ലക്ഷം രൂപയും മൂന്ന് ലക്ഷത്തിലധികം വിലവരുന്ന സ്വര്‍ണാഭരണങ്ങളും പരിശോധനയ്ക്കിടെ പൊലീസുകാര്‍ കൈക്കലാക്കിയെന്നും ഹര്‍ജിയില്‍ ഹരിദ്വാർ പ്രസാദ് താക്കൂർ  ആരോപിച്ചു. പരാതി പരിശോധിച്ച കോടതി 18 പൊലീസുകാര്‍ക്കെതിരെ എഫ്ഐആര്‍ ചുമത്തി കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. സംഭവത്തില്‍ റെയ്ഡ് നടത്തിയ അന്ന് കര്‍ജ പൊലീസ് സ്റ്റേഷന്‍റെ ചുമതലയുണ്ടായിരുന്ന എസ്ഐ ബ്രിജ് കിഷോറിനെ സര്‍‌വ്വീസില്‍ നിന്നും പിരിച്ച് വിട്ടിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!