
ചാരുംമൂട്: അമിത വേഗതയിൽ യുവാക്കൾ ഓടിച്ചു വന്ന ബൈക്കിടിച്ച് റോഡരുകിൽ നിന്നിരുന്ന സ്ത്രീയടക്കം രണ്ട് പേർക്ക് പരിക്ക്. കാൽനട യാത്രക്കാരിയായ യുവതി രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. യുവാക്കൾക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. കൊടുമൺ സ്വദേശി ജയന്റെ ഭാര്യ ശോഭ (40) ഇടത്തിട്ട സ്വദേശി മോഹനൻ (53) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കറ്റാനം വെട്ടിക്കോട്ടുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കരിമുളയ്ക്കൽ പാലൂത്തറ പെട്രോൾ പമ്പിന് എതിർവശത്ത് വച്ചായിരുന്നു സംഭവം. ശോഭ ഭർത്താവിനൊപ്പം ബൈക്കിലാണ് വന്നത്. ശോഭയെ പമ്പിന് എതിർവശത്ത് ഇറക്കിയ ശേഷം ഭർത്താവ് പെട്രോൾ അടിക്കാനായി പമ്പിൽ കയറി. ഇവരുടെ കൂടെ മറ്റൊരു സ്കൂട്ടറിൽ വന്ന സുഹൃത്തുമായി ശോഭ സംസാരിച്ചു നിൽക്കുമ്പോളാണ് ചാരുംമൂട് ഭാഗത്തു നിന്നും യുവാക്കൾ ബൈക്കിൽ വന്നത്. നിയന്ത്രണം വിട്ട് റോഡരുകിലൂടെ കടകൾക്ക് മുന്നിലുള്ള സാധനങ്ങൾ ഇടിച്ചു തെറിപ്പിച്ച് ഭീതി പരത്തി വന്ന ബൈക്ക് ശോഭയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടറിന്റെ പിൻഭാഗവും ഇടിയുടെ ആഘാതത്തിൽ തകർന്നു. പരിക്കേറ്റ മോഹനൻ ഇവരുടെ അടുത്തായി നിൽക്കുകയായിരുന്നു.
ഈ സമയം ഇതുവഴി നടന്നു വരികയായിരുന്ന പ്രദേശവാസിയായ യുവതി പെട്ടെന്ന് ഓടിമറിയതിനാലാണ് രക്ഷപ്പെട്ടത്. അപകടമുണ്ടാക്കിയ യുവാക്കൾ ബൈക്ക് നിർത്താതെ ഓടിച്ചു പോയി. ഇവരുടെ പിന്നാലെ നാട്ടുകാർ വാഹനങ്ങളിൽ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. പെട്രൊൾ പമ്പിലെയും കടകളിലെയും മറ്റും സി.സി.ടി.വികളിൽ നിന്നും ലഭിച്ച യുവാക്കളുടെ ചിത്രങ്ങൾ ഹൈവേ പൊലീസ് ശേഖരിച്ച് തെരച്ചിൽ തുടങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam