
കോഴിക്കോട്: കൊടുവള്ളിയിലെ ബൈക്ക് അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. കിനാലൂർ സ്വദേശി ജാസിർ, ബാലുശ്ശേരി സ്വദേശി അഭിനന്ദ് എന്നിവരാണ് മരിച്ചത്. വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടവരാണ് ഇവർ. അടുത്തിടെ മോഷണ കേസിൽ പ്രതിയായി റിമാൻഡിൽ ഉള്ളയാളുടെ ബൈക്ക് ആണ് ഇവർ ഉപയോഗിച്ചത്.
പുലര്‍ച്ചെ നാലരയോടെ സൗത്ത് കൊടുവള്ളിയില്‍ ഇലക്രിക് പോസ്റ്റില്‍ മോട്ടോര്‍ സൈക്കിള്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് താമരശേരി ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക്. ശബ്ദം കേട്ട് പുറത്തിറങ്ങിയ സമീപവാസികളാണ് അപകട വിവരം ആദ്യം അറിയുന്നത്. പരിക്കേറ്റ രണ്ട് പേരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച രണ്ട് യുവാക്കൾക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
ആദ്യ ഘട്ടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞിരുന്നില്ല. അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ടു ഫോണുകൾ കണ്ടെത്തിയിരുന്നു. ബൈക്കിന്റെ നമ്പർ പ്ളേറ്റ് കത്തിയ നിലയിലായിരുന്നു. ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിപ്പോയി. നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ബൈക്ക് പൂര്‍ണമായും കത്തി.
ജാസിറിന്‍റെ പേരില്‍ മൂന്ന് കളവ് കേസുകളാണ് ഉള്ളത്. അഭിനന്ദിന്‍റെ പേരില്‍ ആറും. ഇവര്‍ ഉപയോഗിച്ച ബൈക്ക് കോഴിക്കോട് ടൗണ്‍ സ്റ്റേഷന് സമീപത്തെ മോഷണ കേസില്‍ ജയിലില്‍ കഴിയുന്ന അര്‍ഷാദ് എന്നയാളുടേതാണെന്ന് പൊലീസ് അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. അപകടവുമായി ബന്ധപ്പെട്ട് ദുരൂഹതകളില്ലെന്ന് പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam