
ചേർത്തല: 2006-ൽ കാണാതായ ചേർത്തല സ്വദേശിനി ബിന്ദു പത്മനാഭൻ്റെ കൊലപാതകക്കേസിൽ 19 വർഷങ്ങൾക്ക് ശേഷം നിർണായക വഴിത്തിരിവ്. ബിന്ദുവിൻ്റെ ഭൂമി വാങ്ങിയ സതീശനാണ് കേസിൽ മുഖ്യസാക്ഷിയായി മാറിയത്. പ്രതിയായ സി.എം. സെബാസ്റ്റ്യൻ്റെ കുറ്റസമ്മതമൊഴി പ്രകാരം, വസ്തുവിൻ്റെ പണമിടപാട് നടത്തിയ അതേ ദിവസമാണ് ബിന്ദു കൊല്ലപ്പെട്ടത്. പ്രതിയെ കൂടാതെ, ബിന്ദുവിനെ അവസാനമായി ജീവനോടെ കണ്ട വ്യക്തിയും സതീശനാണ്.
ബിന്ദുവിൻ്റെ അമ്പലപ്പുഴയിലുള്ള സ്ഥലം വാങ്ങിയത് ചേർത്തല പള്ളിപ്പുറം സ്വദേശിയായ സതീശനായിരുന്നു. ഈ വസ്തുവിൽപനയുടെ ഇടനിലക്കാരനായി പ്രവർത്തിച്ച സെബാസ്റ്റ്യൻ്റെ പള്ളിപ്പുറത്തെ വീട്ടിൽ വെച്ചാണ് വിൽപനക്കരാർ എഴുതിയത്. ഈ സമയം ബിന്ദുവും സെബാസ്റ്റ്യനും സതീശനും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. വസ്തു വിൽപനയിൽ സതീശനിൽ നിന്ന് അഡ്വാൻസ് ലഭിച്ച ഒന്നര ലക്ഷം രൂപ തനിക്ക് വേണമെന്ന് സെബാസ്റ്റ്യൻ ബിന്ദുവിനോട് ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഷാൾ കഴുത്തിൽ മുറുക്കി ഞെരിച്ച് സെബാസ്റ്റ്യൻ ബിന്ദുവിനെ കൊലപ്പെടുത്തുകയായിരുന്നു. 2006 മെയ് 7-നാണ് ബിന്ദു കൊല്ലപ്പെട്ടത്.
മൃതദേഹം കഷണങ്ങളാക്കി മറവ് ചെയ്തു
കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് മറവ് ചെയ്തുവെന്നും, അഴുകിയ ശേഷം അസ്ഥികൾ കത്തിച്ച് ചാരമാക്കി വേമ്പനാട്ടുകായലിൽ ഒഴുക്കിയെന്നുമാണ് സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ചിനോട് കുറ്റസമ്മതം നടത്തിയത്. കസ്റ്റഡിയിൽ വാങ്ങിയുള്ള ആദ്യഘട്ട തെളിവെടുപ്പിന് ശേഷം പ്രതിയായ സി.എം. സെബാസ്റ്റ്യനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വർഷങ്ങൾ പഴക്കമുള്ള കേസായതിനാൽ മൃതദേഹ അവശിഷ്ടങ്ങളോ അതുമായി ബന്ധപ്പെട്ട നേരിട്ടുള്ള തെളിവുകളോ കണ്ടെത്താനാകില്ല. അതിനാൽ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും പ്രതിയുടെ കുറ്റസമ്മത മൊഴിയും അടിസ്ഥാനമാക്കിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. ആവശ്യമെങ്കിൽ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam