
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാല നഗരസഭയിലേക്ക് മത്സരിക്കാൻ ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികൾ. കഴിഞ്ഞ തവണ നഗരസഭ ചെയർമാൻ സ്ഥാനം നൽകാത്തതിനെ തുടർന്ന് കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ച സിപിഎമ്മിന്‍റെ കോട്ടയം പാല കൗൺസിലര്‍ ബിനു പുളിക്കക്കണ്ടവും, സഹോദരനും മകളുമാണ് ഇത്തവണ മൂന്ന് വാര്‍ഡുകളിലായി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. ബിനുവും സഹോദരൻ ബിജു പുളിക്കക്കണ്ടം, ബിനുവിന്‍റെ മകൾ ദിയ ബിനു എന്നിവരാണ് സ്ഥാനാർത്ഥികൾ. സ്വതന്ത്ര കൂട്ടായ്മ എന്ന പേരിലാണ് ഇവർ മൂന്ന് പേരും മത്സരിക്കുന്നത്.
പതിമൂന്നാം വാർഡായ മുരിക്കുംപുഴയിലാണ് ബിജു മത്സരിക്കുന്നത്. ബിനു പുളിക്കകണ്ടം 14-ാം വാർഡിലും, മകൾ ദിയ പതിനഞ്ചാം വാർഡിലും മത്സരിക്കും. നേരത്തെ പതിനഞ്ചാം വാർഡിലായിരുന്നു ബിനു. തനിക്ക് സുപരിചിതമായ വാർഡും ആളുകളുമാണ് ഇവിടെയുള്ളത്. അച്ഛനിൽ അർപ്പിച്ച വിശ്വാസം തനിക്കും ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ദിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാലയിൽ സിപിഎം പാർട്ടി ചിഹ്നത്തിൽ മൽസരിച്ച ഏക സ്ഥാനാർത്ഥി ബിനുവായിരുന്നു. ആകെ പോൾ ചെയ്തതിന്റെ 90 ശതമാനം വോട്ടും നേടിയായിരുന്നു ബിനുവിന്റെ വിജയം.
എന്നാൽ പിന്നീട് കേരള കോൺഗ്രസ് എമ്മുമായുണ്ടായ പ്രശ്നങ്ങൾ കാര്യങ്ങൾ സങ്കീർണമാക്കി. നഗരസഭ ചെയർമാൻ സ്ഥാനം നൽകാത്തതിനെ തുടർന്ന് കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ച ബിനു കേരള കോൺഗ്രസുമായും നിരന്തരം ഉടക്കി. തുടർന്ന് സിപിഎം ബിനുവിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി അനുകൂല നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടാകാതെ വന്നതോടെയാണ് ബിനു സ്വതന്ത്രനായി മൽസരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam