കുമ്പളങ്ങിയില്‍ മാത്രമല്ല താനൂരും കവര് പൂത്തു, ഏക്കറു കണക്കിന് പ്രദേശത്ത് കവരടിച്ചത് കാണാനായി ജനപ്രവാഹം

Published : Mar 19, 2023, 09:23 PM IST
കുമ്പളങ്ങിയില്‍ മാത്രമല്ല താനൂരും കവര് പൂത്തു, ഏക്കറു കണക്കിന് പ്രദേശത്ത് കവരടിച്ചത് കാണാനായി ജനപ്രവാഹം

Synopsis

ആയിരക്കണക്കിന് മിന്നാമിനുങ്ങുകള്‍ പറന്നുനടക്കുന്നതു പോലെയാണ് ഈ കാഴ്ച. കൈകള്‍കൊണ്ട് വെള്ളം കോരിയെറിയുമ്പോള്‍ നിലനക്ഷത്രങ്ങള്‍ വിരിയുന്ന അനുഭവമാണെന്നാണ് കവര് പുത്തത് കാണാനെത്തുന്നവര്‍ പറയുന്നത്

മലപ്പുറം: ഒട്ടുംപുറം അഴിമുഖത്ത് നീലപ്പരവതാനി വിരിച്ച് കവര് പൂത്തു. അഴിമുഖത്തോട് ചേര്‍ന്ന കളരിപടി പുന്നൂക്കില്‍ വാഴതാളത്ത് ഏക്കര്‍ കണക്കിന് സ്ഥലത്താണ് കവര് പൂത്തത്. കടലിലെ സൂക്ഷ്മജീവികള്‍ പുറത്തുവിടുന്ന പ്രകാശപ്രതിഭാസമായ ബയോലൂമിനസെന്‍സാണ് നാട്ടിന്‍പുറങ്ങളില്‍ കവര് പൂത്തു എന്ന് അറിയപ്പെടുന്നത്. നൊക്റ്റിലൂക്ക സിന്റിലന്‍സ് എന്ന സ്വതന്ത്രമായി ജീവിക്കുന്ന ഡൈനോഫ്‌ലജെല്ലേറ്റ് സമുദ്രജീവിയുടെ ജൈവദീപ്തിയാണ് കവര്. ഇവയുടെ കോശാംഗങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനത്താല്‍ കോശദ്രവ്യത്തില്‍ ജൈവദീപ്തി ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഏതാണ്ട് മിന്നാമിനുങ്ങിലെ ലൂസിഫെറിന്‍ എന്ന രാസവസ്തു ജൈവദീപ്തി പുറപ്പെടുവിക്കുന്നതും ഇതിനു സമാനമാണെന്ന് വിദഗ്ധര്‍ പറയുന്നത്. 

താനൂരില്‍ പൂത്ത കവര് കാണാന്‍ ദൂര സ്ഥലങ്ങളില്‍നിന്നുപോലും ദിവസവും ആയിരക്കണക്കിന് ആളുകളാണ് വരുന്നത്. വാഹനങ്ങളിലും അല്ലാതെയുമായി വന്‍തോതില്‍ സന്ദര്‍ശകര്‍ എത്തുന്നത് പരിഗണിച്ച് നഗരസഭ മുന്‍കൈയെടുത്ത് പ്രദേശത്താകെ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. താല്‍ക്കാലിക തട്ടുകടകളും കച്ചവടക്കാരും പ്രദേശത്ത് സജീവമായിട്ടുണ്ട്. മലയാളികള്‍ക്ക് അധികം പരിചയമില്ലാതിരുന്ന കവര് പ്രതിഭാസം ആളുകള്‍ അറിഞ്ഞുതുടങ്ങിയത് കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെയാണ്. 

എറണാകുളത്തെ കുമ്പളങ്ങിയില്‍ വല്ലപ്പോഴുമൊക്കെ കാണുമായിരുന്ന പ്രതിഭാസമാണ് താനൂരില്‍ പ്രത്യക്ഷപ്പെട്ടത്. ജലത്തില്‍ ലവണാംശം ഏറുന്നതോടെ കവരിന്റെ ജൈവദീപ്തിക്കും തിളക്കമേറും. കവരുള്ള സമയത്ത് ജലജീവികള്‍ ചലിക്കുമ്പോള്‍ അവയെ തിളക്കത്തോടെ കാണാനാകും. ഇങ്ങനെ വെള്ളം ഇളകുമ്പോഴാണ് നീല പ്രകാശം വരുന്നത്. രാത്രിയില്‍ ആയിരക്കണക്കിന് മിന്നാമിനുങ്ങുകള്‍ പറന്നുനടക്കുന്നതു പോലെയാണ് ഈ കാഴ്ച. കൈകള്‍കൊണ്ട് വെള്ളം കോരിയെറിയുമ്പോള്‍ നിലനക്ഷത്രങ്ങള്‍ വിരിയുന്ന അനുഭവമാണെന്നാണ് കവര് പുത്തത് കാണാനെത്തുന്നവര്‍ പറയുന്നത്.

ഇണയെയും ഇരകളെയും ആകര്‍ഷിക്കാനും ചിലപ്പോള്‍ ശത്രുക്കളില്‍നിന്ന് രക്ഷയ്ക്കായുമാണ് ഇത്തരത്തില്‍ ജൈവ ദീപ്തി പുറപ്പെടുവിക്കുന്നത്. കവര് പൂത്ത ഇടങ്ങളില്‍ രാത്രിയാകുന്നതോടെ വെള്ളത്തിലിറങ്ങിയും കൈകളില്‍ കോരിയെടുത്തു കല്ലുകള്‍ എടുത്തെറിഞ്ഞും ഓളമുണ്ടാക്കി കാഴ്ചയുടെ നീലപ്പരവതാനി തീര്‍ക്കുകയാണ് ഇവിടെയെത്തുന്നവര്‍. വേനലില്‍ വെള്ളം വറ്റി കട്ടി കൂടി ഉപ്പുരസം അധികരിക്കുമ്പോഴാണ് സാധാരണയായി ഈ പ്രതിഭാസം കാണാന്‍ കഴിയാറുള്ളത്. മഴക്കാലത്ത് ഇത് കാണാറില്ല. വൈകിട്ട് ഏഴുമുതല്‍ പുലര്‍ച്ചെ വരെ മാത്രമെ കാണാന്‍ കഴിയൂ. പകല്‍ മുഴുവന്‍ സാധാരണ വെള്ളത്തിന്റെ നിറം തന്നെയാണ്.

ദൂരദിക്കുകളില്‍ നിന്നും നൂറ് കണക്കിന് വാഹനങ്ങളില്‍ പ്രദേശത്ത് എത്തുന്നതിനാല്‍ ഉള്‍കൊള്ളാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. മണിക്കൂറുകളോളം യാത്ര തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. 
 

PREV
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ