താറാവുകൾ കൂട്ടത്തോടെ ചത്തതോടെ പരിശോധന; കോട്ടയം പായിപ്പാട് പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

Published : May 30, 2024, 08:27 PM IST
താറാവുകൾ കൂട്ടത്തോടെ ചത്തതോടെ പരിശോധന; കോട്ടയം പായിപ്പാട് പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

Synopsis

രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും മൃഗസംരക്ഷണവകുപ്പിന്റെ മേൽനോട്ടത്തിൽ ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്‌കരിക്കും. 

കോട്ടയം: കോട്ടയം പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എട്ട്യാകരി പാടശേഖരത്തിൽ വളർത്തിയിരുന്ന താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പുത്തൻപുരയിൽ ഔസേപ്പ്‌ മാത്യു എന്നയാൾ വളർത്തിയ താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച് 5 എൻ1 സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും മൃഗസംരക്ഷണവകുപ്പിന്റെ മേൽനോട്ടത്തിൽ ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്‌കരിക്കും. 

നേരത്തെ മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നത് ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്.

പക്ഷിപ്പനി ബാധിതമേഖലയിലെ 9691 വളർത്തുപക്ഷികളെ ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്‌ക്കരിച്ചു. പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ 9175 കോഴികളെയാണ് ദയാവധം ചെയ്ത് സംസ്‌ക്കരിച്ചത്. പക്ഷിപ്പനി ബാധിതമേഖലയായ മണർകാട് പഞ്ചായത്തിലെ 12,13,14 വാർഡിലെയും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡിലെയും 516 കോഴിയടക്കമുള്ള വളർത്തുപക്ഷികളെയുമാണ് ദയാവധം ചെയ്ത് സംസ്‌ക്കരിച്ചത്. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.എം. വിജിമോളുടെ നേതൃത്വത്തിൽ രണ്ടു ദ്രുതകർമസംഘങ്ങളാണ് കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശപ്രകാരമുള്ള നടപടികൾ നിർവഹിച്ചത്. ഒരു വെറ്ററിനറി സർജൻ, രണ്ട് ലൈവ് സ്‌റ്റോക് ഇൻസ്‌പെക്ടർമാർ, നാലു തൊഴിലാളികൾ എന്നിവരാണ് ഒരു സംഘത്തിലുണ്ടായിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

പേടിച്ചോടിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു, നിർണായകമായത് സിസിടിവി ദൃശ്യം; കൊല്ലത്ത് നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ
ചുരം കയറുന്നവര്‍ ശ്രദ്ധിക്കുക: ഗതാഗത നിയന്ത്രണം, ബസുകളൊഴികെയുള്ള വാഹനങ്ങൾക്ക് അനുമതിയില്ല, താമരശ്ശേരി ചുരത്തിലെ നിയന്ത്രണങ്ങളറിയാം