ഭിന്നശേഷിക്കാ‍ർക്ക് ക്ലാസ് മുറിക്കായി ബിരിയാണി ചലഞ്ച്; ഉടക്ക് വച്ചത് സിപിഎമ്മോ? തടയിട്ട് വിദ്യാഭ്യാസ വകുപ്പ്

By Web TeamFirst Published Feb 8, 2023, 9:15 AM IST
Highlights

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ലാസ് മുറിയും ശുചിമുറിയുമടക്കം ഒരുക്കാനുള്ള പദ്ധതിക്ക് വന്‍ സ്വീകാര്യത കിട്ടിയതോടെ അഞ്ച് ലക്ഷത്തോളം രൂപ പിരിച്ചെടുക്കാനും സംഘാടകർക്ക് കഴിഞ്ഞു.

കോഴിക്കോട്: ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറിയും അടിസ്ഥാന സൗകര്യവുമൊരുക്കാൻ സ്കൂൾ പിടിഎ നടത്തിയ ബിരിയാണി ചലഞ്ച് വിദ്യാഭ്യാസ വകുപ്പ് തടഞ്ഞു. കോഴിക്കോട് ചെറുവണ്ണൂര്‍ ഹൈസ്കൂളിലാണ് സംഭവം. പിടിഎ ഭാരവാഹികൾ യുഡിഎഫ് അനുഭാവികൾ
ആയതിനാൽ സിപിഎമ്മാണ് പരിപാടിക്ക് തടയിട്ടതെന്നുള്ള ആരോപണം ശക്തമാണ്. ചെറുവണ്ണൂര്‍ ഹൈസ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ലാസ് മുറിയും ശുചിമുറിയുമടക്കം ഒരുക്കാനാണ് ബിരിയാണി ചലഞ്ച് നടത്താന്‍ പിടിഎ തീരുമാനിച്ചത്.

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ലാസ് മുറിയും ശുചിമുറിയുമടക്കം ഒരുക്കാനുള്ള പദ്ധതിക്ക് വന്‍ സ്വീകാര്യത കിട്ടിയതോടെ അഞ്ച് ലക്ഷത്തോളം രൂപ പിരിച്ചെടുക്കാനും സംഘാടകർക്ക് കഴിഞ്ഞു. ശനിയാഴ്ച ബിരിയാണി വിതരണം ചെയ്യാനായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ ബിരിയാണി ചലഞ്ച് ഉപേക്ഷിക്കണമെന്ന് നിർദേശിച്ച് ഡി ഡി ഇ പ്രധാനാധ്യപിക്ക് ഇ - മെയില്‍ അയക്കുകയായിരുന്നു. ജനപ്രതിനിധികള്‍ അടക്കം പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ബിരിയാണി ചലഞ്ച് നിര്‍ത്തി വയ്ക്കാായിരുന്നു ഡി ഡി ഇയുടെ നിര്‍ദേശം. എന്നാല്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷം പരിപാടി ഉപേക്ഷിക്കാനുള്ള തീരുമാനം സംഘാടകരെ വെട്ടിലാക്കി.

പിരിച്ചെടുത്ത പണം തിരികെ ആളുകള്‍ക്ക് നല്‍കാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. കാലങ്ങളായി സിപിഎം പ്രവര്‍ത്തകരായിരുന്നു പിടിഎ ഭാരവാഹികളായിരുന്നത്. ഇത്തവണ യുഡിഎഫ് അനുഭാവികള്‍ പിടിഎ ഭാരവാഹികളായതോടെ സിപിഎം ജനപ്രതിനിധികള്‍ ഇടപെട്ട് പരിപാടി നിര്‍ത്തിവെപ്പിക്കുകയാരുന്നുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ പുതിയ സ്കൂള്‍ കെട്ടിടം പണി പൂർത്തിയായി വരുന്നതിനിടെ പഴയ കെട്ടിടത്തിൽ ഇത്തരം സൗകര്യമൊരുക്കാനായി ബിരിയാണി ചലഞ്ച് വേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. പരാതി നല്‍കിയത് പാര്‍ട്ടിയല്ല രക്ഷിതാക്കളാണെന്നും സിപിഎം വ്യക്തമാക്കി.

'ചില നേതാക്കൾ അപമര്യാദയായി പെരുമാറി, പ്രകോപനമുണ്ടായി'; ഡിസിസി ഓഫീസ് കതക്ക് ചവിട്ടിയ നേതാവിന്റെ വിശദീകരണം

click me!