
തൃശൂർ: എൽഡിഎഫ് സ്ഥാനാർഥി രാജാജി മാത്യു തോമസിന്‍റെ നേതൃത്വത്തിൽ തീരദേശത്ത് നടക്കുന്ന ലോങ്മാർച്ചിനും ഉദ്ഘാടകനായെത്തിയ കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിനും നേരെ ബിജെപി പ്രവര്‍ത്തകന്‍ ആക്രമണം നടത്തിയതായി പരാതി. വാടാനപ്പള്ളി വ്യാസ നഗറില്‍ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിക്കും പുറപ്പെടാന്‍ തയ്യാറായി നിന്ന ജാഥാ അംഗങ്ങള്‍ക്കും നേരെ ബിജെപി പ്രവര്‍ത്തകൻ ബുള്ളറ്റ് ഓടിച്ച് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.
കുട്ടന്‍പാറന്‍ വീട്ടില്‍ അനില്‍ (28) എന്ന ബിജെപി പ്രവര്‍ത്തകനാണ് ജാഥയ്ക്ക് നേരെ ഇരുചക്രവാഹനം ഓടിച്ച് പരിഭ്രാന്തി സൃഷ്ടിച്ചത്. ഒപ്പം ഇയാള്‍ അസഭ്യ വര്‍ഷം നടത്തിയെന്നും പരാതിയില്‍ പറയുന്നു. നൂറ് കണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടിച്ച് കൂടി നില്‍ക്കുമ്പോഴാണ് ബിജെപി പ്രവര്‍ത്തകന്റെ ആക്രമണം നടന്നത്. ബിജെപി അതിക്രമങ്ങൾ പതിവുള്ള മേഖലയായിട്ടും മന്ത്രിയെത്തിയ പരിപാടിയിൽ പൊലീസ് സാന്നിധ്യം ഉണ്ടായിരുന്നില്ല. പരാജയത്തില്‍ ഭീതി പൂണ്ടവരാണ് ആക്രമണത്തിന് പിന്നിലെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മന്ത്രി സുനിൽകുമാർ ആവശ്യപ്പെട്ടു. വാടാനപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam