
കായംകുളം: കായംകുളത്ത് ബി.ജെ.പി - സി.പി.എം സംഘർഷത്തില്‍ ആറ് പേർക്ക് പരുക്ക്. എട്ട് വാഹനങ്ങൾ തകർത്തു. എരുവ കോയിക്കപ്പടിയിയിലാണ് ബി.ജെ.പി-സി.പി.എം സംഘർഷം നടന്നത്. ശനിയാഴ്ച രാത്രിയിലായിരുന്നു അക്രമപരമ്പര അരങ്ങേറിയത്.
ശനിയാഴ്ച രാത്രി ഒൻപതോടെ കോയിക്കപ്പടിയില്‍ വെച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ കായംകുളം പഴയ തെരുവു വീട്ടിൽ ഷാമോനെ (21) ഒരു സംഘം മർദ്ദിച്ചു. ഇതിനെ തുടർന്നാണ് ആക്രമ പരമ്പര ആരംഭിച്ചത്. ഷാമോൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് ഒരു സംഘം ആളുകൾ ബി.ജെ.പി പ്രവർത്തകനായ എരുവ തോണ്ടലിൽ പടീറ്റതിൽ വിജിത്തിന്റെ വീട്ടിലെത്തി. ഈ സമയം വിജിത്ത് സ്ഥലത്തില്ലായിരുന്നു. തുടർന്ന് വിജിത്തിന്റെ വീടിനു നേരെ അക്രമം അഴിച്ചു വിട്ട സംഘം മാതാവ് സുഷമ (47) യേയും ബഹളം കേട്ട് അവിടേക്കു വന്ന അയൽവാസികളായ മുതിർന്ന ആർ.എസ്.എസ്.നേതാവ് ഗോപാലൻ (74), ഭാര്യ ശാന്തമ്മ (64), വിഷ്ണുരാജ് (26), അജിത്ത് (26) എന്നിവരേയും ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. എല്ലാവരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
തുടർന്ന് ഇന്നലെ പുലർച്ചെ മൂന്നോടെയെത്തിയ ഒരു സംഘം ഈ പ്രദേശത്തെ വീടുകൾക്ക് വെളിയിൽ സൂക്ഷിച്ചിരുന്ന ഒരു ജെസിബി, രണ്ട് ടിപ്പർ, നാല് ഏസ്,
ഒരു ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങൾ തല്ലിതകർക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടു മാസം മുൻപ് ഷാ മോനും ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷം നടന്നിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam