ബിജെപി നിയോജക മണ്ഡലം വൈസ്.പ്രസിഡന്‍റിന് കോണ്‍ഗ്രസിലും ഭാരവാഹിത്വം; വിവാദം

By Web TeamFirst Published Apr 17, 2020, 10:38 AM IST
Highlights

സംഭവത്തില്‍ ബിജെപിയില്‍ ഉയര്‍ന്ന പരാതിയെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ സുഗതന്‍റെ വീട്ടിലെത്തിയ ബിജെപി നേതാക്കള്‍ അവിടെ ഐഎന്‍ടിയുസിയുടെ കമ്മിറ്റി നടക്കുന്നത് കണ്ടതോടെയാണ് സംഭവം.

കൊല്ലം: ബി.ജെ.പി.യുടെ ചാത്തന്നൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റിന് കോണ്‍ഗ്രസിലും അവരുടെ തൊഴിലാളിസംഘടനയായ ഐഎന്‍ടിയുസി.യിലും ഭാരവാഹിത്വമെന്ന് റിപ്പോര്‍ട്ട്. ചാത്തന്നൂര്‍ ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റായി ബിജെപി ഒരു മാസം മുന്‍പ് തിരഞ്ഞെടുത്ത  സുഗതന്‍ പറമ്പിലിനാണ് കോണ്‍ഗ്രസ് തൊഴിലാളി സംഘടനയില്‍ അടക്കം ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് പറയുന്നത്.

നാലുവര്‍ഷം മുന്‍പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന കൊല്ലം ജില്ലാ പ്രസിഡന്‍റ് ബിബി ഗോപകുമാറിന്‍റെ പ്രത്യേക താല്‍പ്പര്യത്തിലാണ് അടുത്തിടെ ബിജെപി അനുഭാവിയായ  സുഗതനെ മണ്ഡലം വൈസ് പ്രസിഡന്‍റായി ബിജെപി നിയമിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  എന്നാല്‍ ബിജെപി ഭാരവാഹിത്വത്തില്‍ തുടരുന്ന സുഗതന്‍ ഇപ്പോഴും ഐ.എന്‍.ടി.യു.സി. മേഖലാ പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്‍റെ ആരോപണം.

സംഭവത്തില്‍ ബിജെപിയില്‍ ഉയര്‍ന്ന പരാതിയെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ സുഗതന്‍റെ വീട്ടിലെത്തിയ ബിജെപി നേതാക്കള്‍ അവിടെ ഐഎന്‍ടിയുസിയുടെ കമ്മിറ്റി നടക്കുന്നത് കണ്ടതോടെയാണ് സംഭവം. വിവാദമായത്. ബി.ജെ.പി. നേതാക്കളും സുഗതനും തമ്മില്‍ ഇതിന്‍റെ പേരില്‍ തര്‍ക്കമുണ്ടായി. 

ആദിച്ചനല്ലൂര്‍ ഗ്രീന്‍ലാന്‍ഡ് പേപ്പര്‍ മില്‍ സ്റ്റാഫ് ആന്‍ഡ് എംപ്ലോയീസ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) എന്ന സംഘടനയുടെ തലപ്പത്ത് നിന്നും മാറാന്‍ പറ്റില്ലെന്നാണ് സുഗതന്‍റെ നിലപാട്. ഇത് ബിജെപി നേതാക്കളെ അറിയിച്ചു. സുഗതന്‍റെ ഇരട്ട ഭാരവാഹിത്വത്തിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ് പ്രദേശിക ബിജെപി നേതാക്കള്‍. എന്നാല്‍ ബിജെപിയില്‍ ഭാരവാഹിത്വം ഇല്ലെന്ന നിലപാടിലാണ് സുഗതന്‍ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതേ സമയം സുഗതന്‍ പാര്‍ട്ടിവിട്ടയാളാണെന്നാണ് കോണ്‍ഗ്രസിന്‍റെ കൊല്ലം ജില്ല നേതൃത്വം പ്രതികരിച്ചത്.

click me!