
തിരുവനന്തപുരം: കല്ലമ്പലം ഒറ്റൂരിൽ ബിജെപി പ്രവർത്തകനെ വീട്ടിൽ കയറി വെട്ടി. മാവേലികോണം കാർത്തികയിൽ പ്രജീഷിനാണ് (38) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് കാറിലെത്തിയ മുഖംമൂടി ധരിച്ച ഒരു സംഘം പ്രജീഷിൻ്റെ വീട്ടിലെത്തി ആക്രമിച്ചത്.
മൂന്നംഗ സംഘം വീടിന്റെ ജനലുകൾ അടിച്ചു തകർത്തും അടുക്കള വാതിൽ വെട്ടിപ്പൊളിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അകത്തുകടന്നത്. തുടർന്ന് അസഭ്യം പറയുകയും കയ്യിൽ കരുതിയ ആയുധം കൊണ്ട് ഭാര്യയുടെ മുന്നിലിട്ട് പ്രജീഷിനെ വെട്ടുകയുമായിരുന്നെന്നാണ് പരാതി. പിന്നാലെ സംഘം രക്ഷപ്പെട്ടു. ശരീരഭാഗങ്ങളിലാകെ വെട്ടേറ്റതോടെ മുറിവേറ്റ് രക്തത്തിൽ കുളിച്ച പ്രജീഷിനെ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രജീഷിന്റെ ഭാര്യയ്ക്കും അക്രമിസംഘത്തിന്റെ മർദ്ദനമേറ്റു. ഇവരുടെ മൊബൈൽ ഫോണും അക്രമികൾ നശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് മാവിന്മൂട് ജംഗ്ഷനിൽ വെച്ച് പ്രജീഷ് ചിലരുമായി വാക്കുതർക്കമുണ്ടായെന്നും അക്രമത്തിന് പിന്നിൽ അവരാണെന്ന് സംശയമുണ്ടെന്നും ബ ന്ധുക്കൾ പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും കല്ലമ്പലം പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam