
തിരുവനന്തപുരം: മുൻ വൈരാഗ്യത്താൽ ഭിന്നശേഷിക്കാരൻ്റെ വീടിനു നേരേ ആക്രമണം നടത്തിയ കേസിൽ പ്രതികളെ തിരഞ്ഞ് പൊലീസ്. ബുധനാഴ്ച പുലർച്ചെ കോട്ടുകാൽ പുത്തളം ചാനൽകരയിൽ രാജശേഖരന്‍റെ വീടിനു നേരേയായിരുന്നു അക്രമം. രാജശേഖരൻ നെല്ലിമൂട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. വീടിനു മുന്നിൽ നിർത്തിയിരുന്ന ഓട്ടോയും ബൈക്കും വീടിന്റെ ജനൽപ്പാളികളും അക്രമികൾ അടിച്ചു തകർത്തു. സംഭവത്തിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടുകാൽ പുത്തളം അമ്പലംതട്ട് സ്വദേശി ഷാഹുൽരാജ്, സുഹൃത്തായ സ്വദേശി ശരത് എന്നിവർക്കെതിരേയാണ് കാഞ്ഞിരംകുളം പൊലീസ് കേസെടുത്തത്. എന്നാൽ പ്രതികൾ ഒളിവിലാണെന്നാണ് വിവരം.
നേരത്തെ ഈ പ്രദേശത്തു നടന്ന അക്രമവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ സംസാരിച്ചതിലുള്ള മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് വീട്ടുകാർ പറയുന്നു. വീടിൻ്റെ ജനൽപ്പാളികളിലെ ഗ്ലാസുകൾ അടിച്ചുതകർക്കുകയും ഓട്ടോറിക്ഷ പൂർണമായി നശിപ്പിക്കുകയും ചെയ്തു. വീടിനു സമീപത്തെ കടയ്ക്കു നേരേയും അക്രമം നടന്നു. അവിടെ സൂക്ഷിച്ചിരുന്ന മകന്റെ ബൈക്കാണ് അടിച്ചുതകർത്തത്. ഇതോടൊപ്പം വീടിൻ്റെ ചുമരുകളിൽ ഉൾപ്പെടെ രക്തം തേച്ച് ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു. ബഹളം കേട്ട് പ്രദേശവാസികൾ എത്തിയപ്പോൾ അക്രമികൾ വധഭീഷണി മുഴക്കുകയും പിന്നാലെ രക്ഷപ്പെടുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു.