
കൊല്ലം: കൊട്ടിയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. രാജസ്ഥാൻ സ്വദേശിയായ നമാ റാം ആണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായത്.
നവംബർ മാസം 27നാണ് കൊട്ടിയം മൈലക്കാട് വെച്ച് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ യുവാവ് നഗ്നതാ പ്രദർശനം നടത്തിയത്. പേടിച്ചോടിയ കുട്ടി വീട്ടിലെത്തി രക്ഷിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് കൊട്ടിയം പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ രാജസ്ഥാൻ സ്വദേശിയായ നമാ റാം ആണ് പ്രതിയെന്ന് മനസിലായി.
തിരുവനന്തപുരം കരമനയിൽ വാടകയ്ക്ക് താമസിക്കുന്ന പ്രതി സെയിൽസ് ജോലി ചെയ്യുന്നയാളാണ്. കൊല്ലത്ത് വിവിധ ഭാഗങ്ങളിൽ സാധനങ്ങൾ വിൽക്കാൻ എത്തിയിരുന്നു. ഇയാൾ വരാൻ സാധ്യതയുള്ള കടകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് ഒരു ഇലക്ട്രിക് ഷോപ്പിൽ എത്തിയ പ്രതിയെ കൊട്ടിയം സിഐ പ്രദീപിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും നേരെ നഗ്നതാ പ്രദർശനം നടത്തിയ ശേഷം മുങ്ങുന്നത് പതിവാക്കിയ ആളാണ് പ്രതി. പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ പ്രതി പിടിയിൽ. പന്നിയോട് സ്വദേശി സാജൻ (37) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച തിരുവനന്തപുരം കാട്ടാക്കട ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിൽ വെച്ചാണ് ഇയാൾ അതിക്രമം നടത്തിയത്. യുവതി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. കാട്ടാക്കട ബസ്സ്റ്റാൻഡിലാണ് സംഭവം. കൊട്ടൂരിലേക്കുള്ള ബസിലാണ് യുവാവ് നഗ്നതാ പ്രദർശനം നടത്തിയത്. യുവതി വിവരം കണ്ടക്ടറെ അറിയിച്ചു. യുവതി മൊബൈലിൽ വീഡിയോ ചിത്രീകരിക്കുന്നത് കണ്ടതോടെയാണ് യുവാവ് ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെട്ടത്.