കരയിലിടിച്ച് കയറിയ ബോട്ട് ഉയര്‍ത്തി; ഇനി കടലിലിറക്കാന്‍ ലക്ഷങ്ങള്‍ വേണമെന്ന് ഉടമ

By Web TeamFirst Published Feb 25, 2021, 1:00 PM IST
Highlights

നിയന്ത്രണംവിട്ട് കരയിലേക്ക് പാഞ്ഞുകയറി കരയിലുറച്ച ബോട്ടിനെ ദിവസങ്ങൾ നീണ്ട  പരിശ്രമത്തിനൊടുവിൽ പൊക്കിയെടുത്തു. 

തിരുവനന്തപുരം: നിയന്ത്രണംവിട്ട് കരയിലേക്ക് പാഞ്ഞുകയറി കരയിലുറച്ച ബോട്ടിനെ ദിവസങ്ങൾ നീണ്ട  പരിശ്രമത്തിനൊടുവിൽ പൊക്കിയെടുത്തു. ഉള്ളിൽ അടിഞ്ഞുകൂട്ടിയ മണലും വെള്ളവും മാറ്റാനുള്ള ശ്രമം നടക്കുകയാണ്. ശക്തമായ തിരയടിയിൽ ഭാഗികമായി തകർന്ന ബോട്ടിനെ കടലിൽ ഇറക്കാൻ  ഇനിയും ലക്ഷങ്ങൾ വേണമെന്നും ബോട്ടുടമ  ആനന്ദ് പറഞ്ഞു. 

അപകടത്തിൽപ്പെട്ട ബോട്ടിനെ കടലിൽ ഇറക്കാനുള്ള ശ്രമങ്ങൾക്ക് അധികൃതർ ഒരു സഹായവും നൽകിയില്ലെന്നു മാത്രമല്ല ഫിഷറീസ് വകുപ്പോ മറ്റ് സർക്കാർ ഏജൻസികളോ തിരിഞ്ഞ് പോലും നോക്കിയില്ലെന്നും ആക്ഷേപവും ഉയർന്നു. 

ചില ഉദ്യോഗസ്ഥർ സംഭവദിവസം  എത്തിത്തി കാര്യങ്ങൾ തിരക്കി മടങ്ങിയതല്ലാതെ പിന്നെ തിരിഞ്ഞ് നോക്കിയില്ലെന്നാണ് ആരോപണം കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊല്ലത്ത് നിന്ന് തമിഴ്നാട്ടിലേക്ക്  മത്സ്യബന്ധനത്തിനായി പോവുകയായിരുന്ന ട്രോളർ ബോട്ട് പൂവാർ പൊഴിക്കര തീരത്തേക്ക് നിയന്ത്രണം തെറ്റി കരയിലേക്ക് ഇടിച്ച് കയറിയത്.

കരയിൽ മണലിൽ ഉറച്ച ബോട്ടിനെ കടലിൽ ഇറക്കാൻ വിഴിഞ്ഞം തുറമുഖ നിർമ്മാണ കമ്പനിയായ അദാനി പോർട്ടിന്‍റെ ഒരു ടഗ്ഗും കൊല്ലത്ത് നിന്നെത്തിയ രണ്ട് ബോട്ടുകളും നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. ആദ്യ ദൗത്യം പരാജയപ്പെട്ടതോടെ ബോട്ടുടമ കൊല്ലത്ത് നിന്നും ഖലാസികളെ വരുത്തി. നീണ്ട മൂന്ന് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് മണലിൽ ചരിഞ്ഞ് കിടന്ന ബോട്ടിനെ നിവർത്താനായത്. 

മണലും വെള്ളവും നിറഞ്ഞതോടെ നൂറ് ടണ്ണുള്ള ബോട്ടിന്‍റെ ഭാരം ഇരട്ടിയായതാണ് ബോട്ടിനെ തിരികെ കടലിലിറക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായത്. ബോട്ട്  ഉയർത്താനുള്ള ശ്രമത്തിനിടയിലും ശക്തമായ തിരയിലും പെട്ട് ബോട്ടിന് സാരമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. ഇനി അറ്റകുറ്റപ്പണികൾക്ക് ശേഷമേ ബോട്ട് കടലിൽ ഇറക്കാനാവുകയുള്ളൂവെന്നും ബോട്ടുടമ ആനന്ദ് പറഞ്ഞു.

click me!