ജെസിബി ഉപയോഗിച്ച് പല കഷ്ണങ്ങളാക്കി, പ്രദേശമാകെ അതിരൂക്ഷ ദുർഗന്ധം; കൂറ്റൻ നീലത്തിമിംഗലത്തിന്‍റെ ജഡം മറവ് ചെയ്തു

Published : Jun 18, 2025, 07:28 PM IST
blue whale

Synopsis

പുറക്കാട് പഴയങ്ങാടിയിൽ അടിഞ്ഞ കൂറ്റൻ നീലത്തിമിംഗലത്തിന്റെ ജഡം മറവ് ചെയ്തു. ജഡം ജെസിബി ഉപയോഗിച്ച് പല കഷണങ്ങളാക്കിയാണ് മറവ് ചെയ്തത്. മരണകാരണം അറിയാൻ സാമ്പിൾ ശേഖരിച്ചു.

അമ്പലപ്പുഴ: പുറക്കാട് പഴയങ്ങാടിയിൽ കഴിഞ്ഞ ദിവസമടിഞ്ഞ കൂറ്റൻ നീലത്തിമിംഗലത്തിന്റെ ജഡം മറവ് ചെയ്തു. കഴിഞ്ഞ ദിവസം അടിഞ്ഞ തീരത്തിന് തൊട്ടടുത്തായി ക്രെയിനുപയോഗിച്ച് വലിയ കുഴിയെടുത്താണ് ജഡം മറവ് ചെയ്തത്. സർക്കാർ വക ഭൂമിയാണിത്. റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി ആർ ജയന്റെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.

ജഡം ജെ സി ബി ഉപയോഗിച്ച് പല കഷണങ്ങളാക്കിയാണ് മറവ് ചെയ്തത്. അഴുകിയ ജഡം മുറിച്ചതോടെ പ്രദേശമെങ്ങും അതിരൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെട്ടത്. ഏകദേശം അര കിലോ മീറ്ററോളം ദൂരം ദുർഗന്ധമായിരുന്നു. പ്രദേശവാസികൾക്ക് വീടുകളിൽ ഭക്ഷണമുണ്ടാക്കാനോ കഴിക്കാനോ കഴിയാത്ത അവസ്ഥയായിരുന്നു. ഇന്ന് രാവിലെ മുതലാണ് ജഡം മറവ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്. മരണ കാരണം അറിയാൻ ജഡത്തിൽ നിന്ന് സാമ്പിൾ ശേഖരിച്ചു. ഇതിന്റെ ഫോറൻസിക് പരിശോധനാ ഫലമറിയാൻ ഒരാഴ്ച വേണ്ടി വരും.  ഇതിനു ശേഷം മാത്രമേ മരണ കാരണമറിയാൻ കഴിയൂ. 

വനം വകുപ്പിനെ കൂടാതെ പഞ്ചായത്ത്, തീരദേശ പൊലീസ്, തകഴിയിൽ നിന്നുള്ള ഫയർ ഫോഴ്സിന്റെ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ എന്നിവരും നാട്ടുകാരും ചേർന്നാണ് ജഡം മറവ് ചെയ്തത്. പുറക്കാട് പഴയങ്ങാടി തീരത്താണ് ഇന്നലെ വൈകിട്ട് മൂന്നരയോടെ കൂറ്റൻ തിമിംഗലത്തിന്റെ ജഡമടിഞ്ഞത്. നാല്  ദിവസത്തിനുള്ളിൽ രണ്ടാമത്തെ തിമിംഗലമാണ് പുറക്കാട് അടിഞ്ഞു കയറിയത്.

 

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം