
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് കല്ലാർ പുഴയിൽ കാണാതായ 13 കാരന്റെ മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം ആലുംമൂട്ടിൽ അജ്മല്‍ നസീറിന്റെ മൃതദേഹം ആണ് കിട്ടിയത് . കല്ലാർ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
സ്വാതന്ത്ര്യ ദിനത്തിൽ ഉച്ചയോടെയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അജ്മലിനെ ഒഴുക്കില്‍ പെട്ട് കാണാതായത്. ഫയർ ഫോഴ്‌സും സ്‌കൂബ ടീമും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം കിട്ടിയത്.
അതേസമയം, ഇടുക്കി കട്ടപ്പനയില്‍ കൃഷി ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. എം ജെ അനുരൂപിനെ ആണ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ മുതൽ ഇദ്ദേഹത്തെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ക്വാർട്ടേഴ്സിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം മുള്ളുവിള സ്വദേശിയാണ് അനുരൂപ്.
അതിനിടെ, ചേർത്തലയിൽ ഡോക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല താലൂക്ക് ആശുപത്രിയിലെ കൺസൾട്ടൻ്റ് സർജൻ പൊൻകുന്നം എരുമത്താനത്ത് ഡോൺ വില്ലയിൽ ഡോ എം കെ ഷാജി (52 ) യാണ് മരിച്ചത്. ചേർത്തല ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിന് കിഴക്ക് വശമുള്ള വീട്ടിൽ വൈകിട്ട് 6.45 ഓടെയാണ് സംഭവം.
വർഷങ്ങളായി ചേർത്തലയിൽ താമസിക്കുന്ന ഷാജിയുടെ സഹായത്തിന് ഒരു യുവതിയും മകളും സ്ഥിരമായി വരാറുണ്ടായിരുന്നു. ഇന്ന് വൈകിട്ട് ഇവർ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അടുത്ത വീട്ടിൽ താമസിയ്ക്കുന്ന ഡോക്ടറുടെ സഹായത്തോടെ താലൂക്കാശുപത്രിയിൽ എത്തിച്ചശേഷം മോർച്ചറിയിലേയ്ക്ക് മാറ്റി. മരണത്തിൽ ദൂരൂഹതകളൊന്നും ഇല്ലെന്ന് ചേർത്തല ഡിവൈഎസ്പി ടി ബി വിജയൻ പറഞ്ഞു.
Read Also: 'കേരള സവാരി' ഫ്ലാഗ് ഓഫ് ചെയ്തു; സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസ് നിരത്തിൽ