
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ കള്ളവോട്ട് നടന്നതായി സംശയം. ഏഴര ലക്ഷത്തിലധികം പേരെ അംഗങ്ങളായി ചേര്‍ത്തെങ്കിലും നാല്‍പതിനായിരത്തിലധികം പേരുടെ വോട്ടുകള്‍ അസാധുവാകും. മൂന്നരക്കോടിയിലേറെ രൂപയാണ് അംഗത്വഫീസ് ഇനത്തില്‍ മാത്രം പിരിഞ്ഞുകിട്ടിയത് വോട്ട് ലക്ഷ്യമിട്ട് സംഘടനയില്‍ അംഗങ്ങളാക്കിയ യുവാക്കളുടെ എണ്ണം 7,69,277 ആണ്. ഇതില്‍ അംഗത്വഫീസ് അടയ്ക്കാത്തതിനാല്‍ 39,717 വോട്ടുകള്‍ അസാധുവാകും.
ഇതിന് പുറമെയാണ് വ്യാജ ഐഡി കാര്‍ഡ് ഉള്‍പ്പടെ നല്‍കി വ്യാപകമായി അംഗത്വം എടുത്തതായുള്ള സംശയം. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള മത്സരത്തില്‍ പരമാവധി വോട്ടുകള്‍ നേടാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് അംഗങ്ങളുടെ എണ്ണം ഇത്രയേറെ വര്‍ധിച്ചത്. ഒന്നര മാസത്തിലധികം നീണ്ട മെമ്പര്‍ഷിപ്പ് ക്യാമ്പയിനൊപ്പമായിരുന്നു ഓണ്‍ലൈനായുള്ള വോട്ടെടുപ്പും. 5 സംസ്ഥാനങ്ങളില്‍ യൂത്തുകോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഇങ്ങനെ കണ്ടെത്തിയ പകുതിയോളം കള്ള വോട്ടുകളാണ് തള്ളിയത്. സമാനമായ സാഹചര്യമാണ് കേരളത്തിലുമെന്നാണ് സൂചന. 20 നാണ് സൂക്ഷ്മപരിശോധന.
ഏറ്റവും കൂടുതല്‍ വോട്ടു ലഭിക്കുന്ന മൂന്നുപേരില്‍ നിന്ന് ദേശീയ നേതൃത്വം അഭിമുഖം നടത്തിയാണ് സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. മെമ്പര്‍ഷിപ്പ് ഫീസ് ഇനത്തിലും കെട്ടിവെക്കാനുള്ള പണമായും നാലുകോടിയിലേറെ രൂപയാണ് തെരഞ്ഞെടുപ്പ് നടത്തുന്ന ഏജന്‍സി പിരിച്ചെടുത്തത്. ഇതില്‍ ഒരു പങ്ക് മാത്രമാണ് സംഘടനയ്ക്ക് ലഭിക്കുക. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂലൈ മാസത്തില്‍ എറണാകുളം കുന്നത്തുനാട്ടിൽ എ-ഐ ഗ്രൂപ്പുകൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു.
വോട്ടുചേർക്കുന്നതിനെ ചൊല്ലിയാണ് ചേലക്കുളത്ത് ഇരു ഗ്രൂപ്പുകളും തമ്മിൽ ഏറ്റുമുട്ടിയത്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് ജൂണ്‍ 28നാണ് തുടങ്ങിയത്. തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ഗ്രൂപ്പ് യോഗങ്ങള്‍ സജീവമായതോടെ പാര്‍ട്ടിയിലെ ഐക്യം നഷ്ടമായെന്ന പരാതി ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam