
കാസർകോട്: ഓടിക്കൊണ്ടിരിക്കെ വാഹനത്തിന് തീപിടിച്ചു. കാഞ്ഞങ്ങാട് കോട്ടച്ചേരി മേൽപ്പാലത്തിന് സമീപമാണ് സംഭവം. അജാനൂർ ക്രസന്റ് സ്കൂളിന്റെ ബൊലേറോ ജീപ്പിനാണ് തീപിടിച്ചത്. വാഹനത്തിന്റെ ബോണറ്റിന് അടിയിൽ നിന്ന് പുക ഉയർന്നത് കണ്ട് വാഹനം നിർത്തിയ യാത്രക്കാർ, വണ്ടി കത്താൻ തുടങ്ങിയതോടെ ജീവനും കൊണ്ടോടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന അംഗങ്ങളാണ് തീയണച്ചത്.
ഇന്ന് വൈകീട്ട് 3.40 ഓടെയാണ് സംഭവം നടന്നത്. കോട്ടച്ചേരിമേൽപ്പാലത്തിനു സമീപത്തെ റൈസ് മില്ലിന് അടുത്തൂടെ അജാനൂരിലേക്ക് പോവുകയായിരുന്നു വാഹനം. കാഞ്ഞങ്ങാട് സ്വദേശികളായ അബ്ദുൾ സലാം, നിസാമുദ്ദീൻ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിസാമുദ്ദീനാണ് വാഹനം ഓടിച്ചുകൊണ്ടിരുന്നത്.
പെട്ടെന്നാണ് വാഹനത്തിന്റെ ബോണറ്റിൽ നിന്ന് പുക ഉയർന്നത്. പിന്നാലെ കാഴ്ചമറക്കുന്ന നിലയിൽ പുക ശക്തമായെന്ന് നിസാമുദ്ദീൻ പറയുന്നു. ഇതോടെ മുൻവശത്തെ റോഡ് കാണാനായില്ല. ജീപ്പ് നിർത്തി പുറത്തിറങ്ങിയ ഉടൻ തന്നെ തീ ആളിക്കത്തി. ഇതോടെ നിസാമുദ്ദീനും അബ്ദുൾ സലാമും ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
തൊട്ടടുത്തെ വീട്ടിൽ നിന്നും പൈപ്പ് വഴി നാട്ടുകാർ വെള്ളമെത്തിച്ചെങ്കിലും തീയണക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞങ്ങാട് ഫയർ ഫോഴ്സ് സേനാംഗങ്ങളാണ് തീയണച്ചത്. ഹൊസ്ദുർഗ് ഫയർ സ്റ്റേഷൻ ഓഫീസർ പിവി പവിത്രന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേനയെത്തി തീപൂർണ്ണമായും അണച്ചു. നാട്ടുകാരും തീയണക്കുന്നതിൽ ഭാഗമായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam