
മലപ്പുറം: പ്രമുഖ തീര്‍ഥാടന കേന്ദ്രമായ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിന് ബോംബ് ഭീഷണി. തുടര്‍ന്ന് ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍ സംയുക്തമായി ക്ഷേത്രത്തിലും പരിസരത്തിലും വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനും കാടാമ്പുഴ ക്ഷേത്രം ഇ-മെയിലിലുമാണ് സന്ദേശമെത്തിയത്. ക്ഷേത്രത്തില്‍ അഞ്ചോളം ബോംബുകള്‍ വെച്ചിട്ടുണ്ടെന്നും ഭക്തജനങ്ങളേയും ജീവനക്കാരേയും എത്രയും പെട്ടെന്ന് ഒഴിപ്പിക്കണമെന്നുമായിരുന്നു ഉള്ളടക്കം. ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം കാടാമ്പുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.കെ. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കൂറോളം തിരച്ചിലില്‍ നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.
എക്‌സിക്യൂട്ടിവ് ഓഫിസറുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ദൂരസ്ഥലങ്ങളില്‍ നിന്നും ഒട്ടനവധി ഭക്തജനങ്ങള്‍ കാടാമ്പുഴ ക്ഷേത്രത്തില്‍ എത്താറുണ്ട്. വ്യാജ ഇമെയില്‍ വഴി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതാരാണെങ്കിലും നിയമത്തിനുമുന്നില്‍ കൊണ്ട് വരണമെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.