
കടമ്മനിട്ട: കൊവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികളുടെ വിരസത മാറ്റാനുളള ശ്രമങ്ങളിലാണ് മാതാപിതാക്കൾ. അക്കൂട്ടത്തിൽ വീട്ടിലിരിക്കുന്ന കുട്ടികളെ കരകൗശല വസ്തുക്കൾ ഉണ്ടാക്കാനും ചിത്രം വരയ്ക്കാനും പരിശീലിപ്പിക്കുകയാണ് കടമനിട്ട സ്വദേശി രഞ്ജിത്ത്. രഞ്ജിത്തിന്റേയും കുട്ടികളുടേയും വിശേഷങ്ങൾ ഏവർക്കും മാതൃകയാണ്.
അംഗനവാടിക്കാരി ഈശ്വരി, മൂന്നാം ക്ലാസുകാരി ഐശ്വര്യ, അഞ്ചാം ക്ലാസുകാരി അക്ഷയ. മൂവരും നല്ല തിരക്കിലാണ്, ലോക്ഡൗൺ കാലത്തെ ജീവിതം ചായങ്ങൾക്കൊപ്പമാണ്. ഐശ്വര്യക്ക് ബ്രഷ് കൈയിൽ കിട്ടിയാൽ വീടിന്റെ ഭിത്തിയാണ് ക്യാൻവാസ്. നാലുവയസുകാരി ഈശ്വരിയും കുത്തിക്കുറിക്കലിന് മോശം അല്ല. കൊറോണ വൈറസിനെ വരയാക്കാനുള്ളതാണ് ഈശ്വരിയുടെ ശ്രമം
വീടിന്റെ ഭിത്തിയിലെ വരകൾക്ക് തടസം പറയാതെ ചായങ്ങൾ വാങ്ങി നൽകുകയാണ് ചിത്രകാരനും പടയണി കലാകാരനുമായ അച്ഛൻ രഞ്ജിത്ത്. രഞ്ജിന്റെ സഹോദരന്റെ മകൾ അക്ഷയ്ക്ക് സ്കൂളിൽ പോകാത്തതിൽ സങ്കടമുണ്ട്. പക്ഷെ അനിയത്തികുട്ടികൾക്കൊപ്പം ചിത്രം വരച്ചു നടക്കുന്നതിൽ ഇപ്പോൾ അക്ഷയയും ഹാപ്പിയാണ്.
ചിത്രം വരയിൽ മാത്രം ഒതുങ്ങുന്നില്ല ഇവരുടെ ലോക്ഡൗൺകാലം. മക്കളെ സന്തോഷിപ്പിക്കാൻ രഞ്ജിത്ത്കണ്ടെത്തിയ മറ്റൊരു വഴിയും വ്യത്യസ്തമാണ്. ഫ്യൂസായ ബൾബുകളിൽ പുലികളി രൂപങ്ങൾ തീർത്തു. മക്കളെ ഒപ്പമിരുത്തി ഒരുമിച്ച് വരച്ചു. സ്കൂളിലെ കൂട്ടുകാർക്കൊപ്പം കളിച്ചുനടന്ന സന്തോഷം മക്കൾക്ക് കുറച്ചെങ്കിലും തിരിച്ചുനൽകുകയാണ് ഈ കലാകാരൻ.
ഓൺലൈൻ പഠനം, ചിത്രം വര, കരകൗശല നിർമ്മാണവും കളിയും ചിരിയും ഒക്കെയായി മുന്നോട്ട് പോകുമ്പോഴും അടുത്തകാലത്ത് മനസിൽ കയറിയ പറ്റിയ ലോക്ഡൗൺ എന്ന് മാറുമെന്ന് കുഞ്ഞുങ്ങൾ അച്ഛനോടും അമ്മയോടും തിരക്കിക്കൊണ്ടേയിരിക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam