അധികാരത്തിന് പിന്നാലെ പോകുന്ന അവസരവാദികളായ 'ശങ്കറുമാർക്ക്' രക്തസാക്ഷികളുടെ വികാരം മനസ്സിലാകില്ലെന്നും, ഷുഹൈബും ശരത്തും കൃപേഷും ഒഴുക്കിയ രക്തമാണ് പാർട്ടിയെ നിലനിർത്തുന്നതെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തിലെ ഇരകളായ കൃപേഷിന്റെയും ശരത് ലാലിന്റെയും രക്തസാക്ഷിത്വ വാർഷികത്തിൽ സിപിഎമ്മിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പ്രസ്ഥാനത്തെ ജീവനേക്കാൾ സ്നേഹിച്ച രക്തസാക്ഷികളുടേതാണ് ഈ പാർട്ടിയെന്നും, അധികാരത്തിന് പിന്നാലെ പോകുന്നവർക്കോ അവസരവാദികൾക്കോ ഈ വികാരം മനസ്സിലാകില്ലെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ലൈംഗിക പീഡന കേസ് വിവാദത്തിൽ കോൺഗ്രസ് പാര്‍ട്ടിയിൽ പുറത്താക്കിയതിന് ശേഷം കോൺഗ്രസിനെ പിന്തുണച്ച് നിരന്തരം രാഹുൽ രംഗത്തെത്തിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

സമാനമായാണ് പുതിയ കുറിപ്പും പങ്കുവച്ചിരിക്കുന്നത്. ഒരു പ്രസ്ഥാനത്തെ ജീവനുതുല്യം സ്നേഹിച്ച രക്തസാക്ഷികളുടേതാണ് ഈ പാർട്ടിയെന്ന് രാഹുൽ പറയുന്നു. അധികാരക്കൊടിയേക്കാൾ തന്റെ നാട്ടിലെ കൊടിമരത്തിലെ കൊടിയുടെ നിറം മങ്ങുമ്പോഴാണ് യഥാർത്ഥ പ്രവർത്തകർക്ക് നോവ് അനുഭവപ്പെടുന്നത്. സിപിഎമ്മിനെ 'നരഭോജി തീവ്രവാദ സംഘടന' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ശരത്തിന്റെയും കൃപേഷിന്റെയും തലയോട്ടി വെട്ടിത്തകർത്ത് കൊലപ്പെടുത്തിയ കൊലവെറി മറക്കില്ലെന്നും ഓർമ്മിപ്പിച്ചു.

അടുത്തിടെ കോൺഗ്രസിനെ തള്ളിപ്പറയുകയും പിണറായി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും പരസ്യ നിലപാടുകൾ സ്വീകരിച്ച മുതിർന്ന രാഷ്ട്രീയ നേതാവ് മണിശങ്കറിനെ ലക്ഷ്യം വെച്ചും രാഹുൽ കുറിപ്പിൽ പരാമര്‍ശിച്ചു. രാഷ്ട്രീയത്തെ തൊഴിലായി കാണുന്നവർക്കും, പാർട്ടിക്കുള്ളിൽ അവസരങ്ങൾ കുറയുമ്പോൾ മറ്റു പാർട്ടിക്കാരെ മണിയടിക്കുന്ന 'ശങ്കറുമാർക്കും' ഈ ആവേശം മനസ്സിലാകില്ലെന്ന് അദ്ദേഹം പരിഹസിച്ചു. ഷുഹൈബും ശരത്തും കൃപേഷും നൗഷാദും ഒഴുക്കിയ രക്തമാണ് ഈ പാർട്ടിയെ നിലനിർത്തുന്നത്. രക്തസാക്ഷികൾ ഉണ്ടായാൽ ഫണ്ട് അടിച്ചുമാറ്റാൻ നോക്കുന്നവർക്കും ഈ വികാരം അന്യമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ചിത്രത്തോടൊപ്പമാണ് രാഹുൽ ഈ കുറിപ്പ് പങ്കുവെച്ചത്.