
സുല്‍ത്താന്‍ബത്തേരി: ആ പൂമരമായിരുന്നു പുതിയ കാല ബത്തേരിയുടെ തിലകക്കുറിയെന്ന് വേണമെങ്കില്‍ പറയാം. അതgകൊണ്ട് തന്നെയാണ് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും നഗരഹൃദയത്തിലെ ബോഗന്‍വില്ല നിലംപൊത്തിയ ചിത്രം വേദനയോടെ വയനാട്ടുകാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. എന്നാല്‍ നഗരസഭ അധികൃതരും നാട്ടുകാരും നഗരത്തിലെ ഡ്രൈവര്‍മാരും മുന്നിട്ടിറങ്ങിയതോടെ മണിക്കൂറുകള്‍ക്കകമാണ് പൂമരത്തിന്റെ 'ഉയിര്‍ത്തെഴുന്നേല്‍പ്പ്' ഉണ്ടായത്.
വലിയ മഴയെയും ഇടിമിന്നലിനെയും അവഗണിച്ചാണ് കടപുഴകി വീണ ബോഗന്‍വില്ലയെ നഗരസഭ അധികാരികളോടൊപ്പം ചേര്‍ന്ന് ജനങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാക്കിയത്. പടര്‍ന്നു കയറിയ ഇരുമ്പു തൂണിന്റെ ചുവടുഭാഗം ഒടിഞ്ഞതിനെ തുടര്‍ന്നാണ് ബോഗന്‍വില്ല വീണു പോയത്. വീണ്ടും കാറ്റുപിടിക്കാതിരിക്കാന്‍ പൂക്കളുള്ള വള്ളികളെല്ലാം വെട്ടിയൊതുക്കേണ്ടി വന്നെങ്കിലും പൂമരവള്ളികള്‍ നശിച്ചുപോകാതെ പുനഃസ്ഥാപിക്കാനായതിന്റെ ആവേശത്തിലാണ് പൂഷ്പനഗരമെന്ന് പേരുകേട്ട ബത്തേരിയിലെ നാട്ടുകാര്‍.
സംസ്ഥാനത്തെ നഗരങ്ങളെടുത്താല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വൃത്തിയിലും വെടിപ്പിലും ബത്തേരി നഗരം മുന്‍പന്തിയിലാണ്. നഗരത്തെ പൂക്കളുടെ പട്ടണമാക്കാന്‍ അഞ്ചുവര്‍ഷം മുന്‍പു തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടായിരുന്നു നഗരസഭ ബസ് സ്റ്റാന്റ് കവലയില്‍ ബോഗന്‍വില്ല നട്ടുവളര്‍ത്തിയത്. നടപ്പാതകള്‍ക്കിരുവശവും പൂച്ചെടികള്‍ വച്ചപ്പോഴാണ് ട്രാഫിക് ജംക്ഷനില്‍ പൊലീസ് സ്റ്റേഷന്‍ റോഡും ദേശീയ പാതയും കൂടി ചേരുന്ന ഭാഗത്ത് സ്വതന്ത്ര മൈതാനത്തിന്റെ സമീപത്ത് പുല്ലു നിറഞ്ഞു കിടന്ന ട്രാഫിക് ഐലന്റില്‍ മറ്റു ചില ചെടികള്‍ക്കൊപ്പം ചുവന്ന ബോഗന്‍വില്ലയും സ്ഥാനം പിടിച്ചത്.
സിഗ്‌നല്‍ ലൈറ്റുകള്‍ ഘടിപ്പിക്കുന്നതിനായി മാസങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഇരുമ്പു തൂണില്‍ ബോഗന്‍വില്ല പടര്‍ത്തി വിടുകയായിരുന്നു. അമ്പരപ്പിക്കുന്ന വേഗത്തിലാണ് ബോഗന്‍വില പൂമരമെന്നോണം പടര്‍ന്നു പന്തലിച്ചത്. ഇടയ്‌ക്കൊന്ന് വെട്ടി ക്രമപ്പെടുത്തിയിരുന്നെങ്കിലും വേനല്‍ക്കാല ചൂടില്‍ തണല്‍ തേടി നിരവധി കാല്‍നടയാത്രികര്‍ ബോഗന്‍വില്ലക്ക് ചുവട്ടിലെത്തി. ഗതാഗതം നിയന്ത്രിച്ചിരുന്ന പോലീസുകാര്‍ക്കും പൂമരം ആശ്വാസമായിരുന്നു.
നഗരത്തിന്റെ കാഴ്ചകളില്‍ പ്രധാനപ്പെട്ടതായി മാറിയതോടെ ബോഗന്‍വില്ലയെ എല്ലാവരും ബത്തേരിയുടെ പൂമരം എന്നാണ് വിളിച്ചിരുന്നത്. ബോഗന്‍വില്ല മറിഞ്ഞു വീണതോടെ സമൂഹ മാധ്യമങ്ങളില്‍ പൂമരത്തിനു പിന്തുണയറിയിച്ച് നൂറുകണക്കിന് സന്ദേശങ്ങളാണ് എത്തിയത്. ഇതോടെ ജെ.സി.ബി എത്തിച്ച് ചെടി ഉയര്‍ത്തി. ഇരുമ്പു തൂണ്‍ വെല്‍ഡ് ചെയ്ത് ഉറപ്പിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത മാതൃക പ്രവൃത്തിക്കാണ് കഴിഞ്ഞദിവസം ബത്തേരി നഗരം സാക്ഷിയായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam