
കൊച്ചി: 12 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. പശ്ചിമ ബംഗാൾ മൂഷിദാബാദ് സ്വദേശികളായ റഫിയുൽ മണ്ഡൽ (21) പർവേഷ് മണ്ഡൽ (19) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്.
ഒഡീഷയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതികൾ പറഞ്ഞു. ബംഗാളിൽ നിന്ന് ചെന്നൈ വരെ ഒരു ട്രെയിനിൽ വരികയും അവിടെനിന്ന് മറ്റൊരു തീവണ്ടിയിൽ കയറി അങ്കമാലി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയുമായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇവരെ പിടികൂടിയത്. രണ്ട് ഷോൾഡർ ബാഗുകളിൽ പ്രത്യേക പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കിലോയ്ക്ക് 3000 രൂപയ്ക്കാണ് കഞ്ചാവ് ഒഡീഷയിൽ നിന്ന് വാങ്ങുന്നതെന്നും പത്തിരട്ടി വിലയ്ക്ക് ഇവിടെ വില്പന നടത്തുന്നുവെന്നും പ്രതികൾ മൊഴി നൽകി. പെരുമ്പാവൂർക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം പെരുമ്പാവൂർ തണ്ടേക്കാട് നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂർഷിദാബാദ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡി വൈ എസ് പി ജെ ഉമേഷ് കുമാർ, ആലുവ ഡി വൈ എസ് പി എൻ ബാബുക്കുട്ടൻ, അങ്കമാലി ഇൻസ്പെക്ടർ എ രമേഷ്, എസ്ഐ മാരായ അജിത്ത്, രാജീവ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ഈ വർഷം റൂറൽ ജില്ലയിൽ 395 കിലോയോളം കഞ്ചാവ് പൊലീസ് പിടികൂടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam