
തിരുവനന്തപുരം: ശ്രീകാര്യത്തെ ഫ്ലാറ്റിൽ കഞ്ചാവ് തോട്ടം ഉണ്ടാക്കിയതിന് ടെക്നോപാർക്കിലെ ഐ ടി കമ്പനി മാനേജർ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹരിയാന സ്വദേശി വിശാലാണ് പിടിയിലായത്. മൂപ്പെത്താത്ത കഞ്ചാവ് പാലിൽ ചേർത്ത് കഴിക്കുകയും കഞ്ചാവ് കൊണ്ട് ചട്നിയുണ്ടാക്കലുമൊക്കെയായിരുന്നു ഇയാളുടെ രീതികളെന്നാണ് പൊലീസ് പറയുന്നത്. ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതി പിടിയിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ശ്രീകാര്യം പൊലീസ് ഫ്ലാറ്റിൽ എത്തിയപ്പോൾ കണ്ടെത്തിയത് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. ഒന്നും രണ്ടുമല്ല, 70 ചെടികൾ അടങ്ങിയ മിനി തോട്ടം തന്നെയാണ് 17 ആം നിലയിലെ ഫ്ലാറ്റിൽ ഹരിയാന സ്വദേശി വിശാൽ തീർത്തത്. ഒന്നരലക്ഷം രൂപയോളമുണ്ട് വിശാലിന്‍റെ ശമ്പളം. ചെടിച്ചട്ടികൾ വാങ്ങി മണ്ണും കംപോസ്റ്റും നിറച്ചായിരുന്നു വിശാലിന്‍റെ കഞ്ചാവ് വളർത്തൽ.
മൂപ്പെത്താത്ത കഞ്ചാവ് ചേർത്ത് ചട്നിയുണ്ടാക്കി കഴിക്കലാണ് വിശാലിന്‍റെ രീതി. ഒപ്പം പാലിൽ ചേർത്തും നന്നായി കഴിക്കും. മൂപ്പുള്ള കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും വിശാൽ പൊലീസിന് മൊഴി നൽകി. സ്വന്തമായി നട്ടുവളർത്തിയ കഞ്ചാവ് സ്വന്തം ആവശ്യത്തിന് തന്നെ ഉപയോഗിക്കുന്നതാണ് പതിവ്. ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം എത്തിയ ഒരു സുഹൃത്താണ് വിശാലിനെ കുടുക്കിയതെന്നാണ് വിവരം. ലഹരി സീക്രട്ട് വിശാൽ പറഞ്ഞത് കേട്ട് ഞെട്ടിയ സുഹൃത്താണ് പൊലീസിന് വിവരം നൽകിയതെന്നാണ് സൂചന. പിന്നാലെ 'തൂഫാൻ' പോലെ പൊലീസെത്തി. ഹരിയാനയിൽ കഞ്ചാവ് ഉപയോഗം സർവ്വ സാധാരണമാണെന്നും ഇവിടെ ഇത്ര പ്രശ്നമുണ്ടാകുമെന്ന് അറിയില്ലെന്നുമാണ് വിശാൽ പൊലീസിനോട് പറഞ്ഞത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam